കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് സി പി ഐ എം പ്രവര്‍ത്തകനായ കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍  9 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഓരോ ലക്ഷം പിഴയും വിധിച്ചു.

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി എന്‍ വിനോദാണ് വിധി പറഞ്ഞത്.കേരളത്തില്‍ ജയിലിനകത്ത് നടന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസിലാണ് 15 വര്‍ഷത്തിന് ശേഷം വിധി പറഞ്ഞത്.

രവീന്ദ്രന്‍ വധക്കേസില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകരായ സെന്‍ട്രല്‍ പൊയിലൂരിലെ ആമ്പിലോട്ട്ചാലില്‍ പവിത്രന്‍,കാഞ്ഞിരത്തിങ്കല്‍ ഫള്‍ഗുനന്‍,കുഞ്ഞിപ്പറമ്പത്ത് കെ പി രഘു,സനല്‍ പ്രസാദ്,പി കെ ദിനേശന്‍,കൊട്ടക്ക ശശി,കോയിപ്രവന്‍ വീട്ടില്‍ അനില്‍കുമാര്‍,തരശിയില്‍ സുനി,പി വി അശോകന്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.

ജീവപര്യന്തം തടവിന് പുറമെ ഓരോ ലക്ഷം രൂപ പിഴയും അടക്കണം.ഈ തുക രവീന്ദ്രന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.21 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം കെ ദിനേശന്‍ ഹാജരായി. വിധിയില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട രവീന്ദ്രന്റെ മകന്‍ കെ പി രജീഷ് പറഞ്ഞു.

2004 ഏപ്രില്‍ ആറിനാണ് രവീന്ദ്രനെ കൊലപ്പെടുത്തിയത്.ജയിലിലെ ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയാണ് കൊല ചെയ്തത്.ജയിലിലെ കാന്റീന്‍ ഉള്‍പ്പെടുന്ന ഏഴാം ബ്ലോക്കിന് മുന്നിലായിരുന്നു ആക്രമണം.ആക്രമണം നടത്താന്‍ നേരത്തെ ജയിലില്‍ എത്തിച്ചു ഒളിപ്പിച്ചു വച്ച ആയുധങ്ങളും സ്റ്റോര്‍ റൂമിലെ പണി ആയുധങ്ങളുമാണ് ഉപയോഗിച്ചത്.ജയിലിനകത്ത് വച്ച് പോലീസ് ഈ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.