
സോഷ്യല്‍ മീഡിയ ഇല്ലാത്ത കാലത്ത് ജീവിച്ചു മരിച്ച വൈക്കം മുഹമ്മദ് ബഷീര്‍ കാല്‍ നൂറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ബഷീറിന്റെ അപൂര്‍വ്വ ചിത്രങ്ങളും ഓര്‍മ്മക്കുറിപ്പുകളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുകയാണെന്നും പറയാം. അതില്‍ സവിശേഷമായ ഒന്നാണ് ചലച്ചിത്ര വിമര്‍ശ്ശകനും ജോണ്‍ സിനിമയുടെ സംവിധായകനുമായ പ്രേംചന്ദ് ഫേസ് ബുക്കില്‍ പങ്കുവെച്ച ചിത്രം.
പ്രസിദ്ധ തിരക്കഥാകൃത്ത് ടി ദാമോദരന്‍ മാഷിന്റെ വിവാഹ ചിത്രമാണത്. ബഷീറായിരുന്നു വിവാഹത്തിന്റെ പ്രധാന കാര്‍മ്മികന്‍. രണ്ടാമത്തെയാള്‍ ചിത്രത്തിലില്ലാത്ത എംടിയും. അരനൂറ്റാണ്ട് മുമ്പത്തെ ഈ ചിത്രത്തിന് പറയാന്‍ കഥകള്‍ അനവധിയുണ്ടാകും.
ചിത്രം പങ്കുവെച്ച് ദാമോദരന്‍ മാഷിന്റെ മരുമകന്‍ കൂടിയായ പ്രേംചന്ദ് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:
‘ബഷീര്‍ പിന്നിട്ടിട്ട് കാല്‍ നൂറ്റാണ്ട് എന്നു് പത്രങ്ങള്‍ പറയുന്നു. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്നാണ് എന്ന് കണ്ടെത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ എങ്ങോട്ടും പിന്നിട്ടു പോയിട്ടേയില്ല. ഇവിടെത്തന്നെയുണ്ട് . എഴുത്തിന്റെ ലോകത്ത് വേറിട്ടു നിര്‍ത്തുന്ന അതുപോലൊരു കണ്ടെത്തല്‍ ആന്ദ്രേ താര്‍ക്കോവ്‌സ്‌കിയുടെ നൊസ്റ്റാള്‍ജിയയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അതു കൊണ്ട് തന്നെ വായനയിലും കാഴ്ചയിലും പ്രിയപ്പെട്ടവരായി , കാലമായി എന്നും കൂട്ടിനുണ്ട് രണ്ടു പേരും .വായിച്ചും കണ്ടും തീരാത്ത വേരായ കാലമായി . ആ കാലത്തിന്റെ ഓര്‍മ്മകള്‍ പ്രസരിക്കുന്ന ചില ഛായാപടങ്ങളിലേക്ക് തിരിച്ചെത്തുമ്പോള്‍ തിരിച്ചറിയാം അച്ചടിയുടെ ചരിത്രത്തില്‍ എല്ലാം ഒതുങ്ങില്ല എന്ന്. ഏന്തായാലും പാപ്പാത്തിക്ക് പറയാനുള്ള പുരാവൃത്തങ്ങളില്‍ അവളുടെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും വിവാഹച്ചടങ്ങിന്റെ കാര്‍മ്മികനായി വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടായിരുന്നു എന്ന കഥ മതമില്ലാത്ത ജീവന്‍ എന്ന പുസ്തകത്തിലുണ്ട്. ബഷീറിന് ഒരു ലാല്‍സലാം’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here