‘ഭർത്താവ‌ിന്റെ മരണശേഷം മക്കൾ വാങ്ങിത്തന്ന ഫ്ലാറ്റിലാണ‌് കഴിയുന്നത‌്. ഇത്രയും കാലം സുരക്ഷിതയായിരുന്നു. ഇനി എവിടെ പോകുമെന്നറിയില്ല’; മരട് ഫ്‌ളാറ്റ് ഉടമകളായ കുടുംബം ചോദിക്കുന്നു

‘ഭർത്താവ‌ിന്റെ മരണശേഷം മക്കൾ വാങ്ങിത്തന്ന ഫ്ലാറ്റിലാണ‌് ഞാൻ ഒറ്റയ‌്ക്ക‌് കഴിയുന്നത‌്. ഇത്രയും കാലം സുരക്ഷിതയായിരുന്നു. ഇനി എവിടെ പോകുമെന്നറിയില്ല. ഇവിടെനിന്ന‌് ഇറങ്ങേണ്ടി വന്നാൽ മരണം മാത്രമാണ‌് മുന്നിലുള്ളത‌്…’ സിആർഇസഡ‌് ലംഘനം ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കാൻ സുപ്രീംകോടതി വിധിച്ച മരടിലെ ഹോളി ഫെയ‌്ത്ത‌് എച്ച‌്ടുഒയിലെ താമസക്കാരി മായ പ്രേംമോഹന്റെ വാക്കുകളാണിത‌്. 60 വയസ്സായ മായയുടെ രണ്ട‌് പെൺമക്ക‌ളും വിദേശത്താണ‌്.

തിരുവനന്തപുരത്തെ കുടുംബവീതവും വിദേശത്തുള്ള മക്കളുടെ വിഹിതവും ചേർത്താണ‌് ഫ‌്ളാറ്റ‌് വാങ്ങിയത‌്. ബഹ‌്റൈനിൽ ജോലി ചെയ്യുന്ന മായയുടെ മകൾ ഹരിപ്രിയ കോടതി വിധി അറിഞ്ഞാണ‌് നാട്ടിൽ എത്തിയത‌്. എല്ലാ രേഖകളും ശരിയാക്കി കരം അടയ‌്ക്കുന്ന താമസസ്ഥലമാണ‌് ഇപ്പോൾ പൊള‌ിച്ചുകളയുമെന്ന‌് പറയുന്നതെന്നും ആരെ വിശ്വസിക്കണമെന്നറിയില്ലെന്നും കണ്ണുനിറഞ്ഞ‌് ഹരിപ്രിയ പറയുന്നു.

‘മരുഭൂമിയിൽ പണിയെടുത്ത സമ്പാദ്യം കൂട്ടിച്ചേർത്ത‌് വാങ്ങിയ ഫ്ലാറ്റാണ‌് ഇല്ലാതാകുന്നത‌്. നിസഹായരാണ‌് ഞങ്ങൾ. പുറത്തു പ്രചരിക്കുന്നതുപോലെ കള്ളപ്പണം കൊണ്ട‌ല്ല, കുടുംബസ്വത്ത‌് വിറ്റാണ‌് പലരും ഇത‌് വാങ്ങിയത‌്. ഞങ്ങൾക്ക‌് ഇനി എന്തുചെയ്യണമെന്നറിയില്ല.’ ഫ്ലാറ്റിലെ താമസക്കാരായ റോയിയും സുജയും പറഞ്ഞു.
ഇവരെപ്പൊലെ ഉള്ളിലും പുറത്തും കരയുന്ന ഒരുപാട‌് പേരുണ്ട‌് ഫ്ലാറ്റിലും പുറത്തും. തെറ്റുചെയ‌്തവരെ അല്ലേ കോടതി ശിക്ഷിക്കുക. തെറ്റു ചെയ്യാത്ത ഞങ്ങളെ എന്തിന‌് ശിക്ഷിക്കുന്നു എന്നാണ‌് ഓരോരുത്തരും പറയാതെ പറയുന്നത‌്. ഹോളിഫെയ‌്ത്ത‌ിൽ 90 അപ്പാർട്ട‌്മെന്റുകളിലായി 500ൽ അധികം ആളുകൾ താമസിക്കുന്നുണ്ട‌്. ആൽഫാ വെഞ്ചേഴ‌്സ‌് ഫ്ലാറ്റിന്റെ ഉടമകൾ പ്രതികരിക്കാൻ തയ്യാറായില്ല. കേസിന്റെ ആവശ്യത്തിനായി ഡൽഹിയിലുള്ള പ്രതിനിധികൾ എത്തിയതിന‌് ശേഷം മാത്രം പ്രതികരിക്കാമെന്ന‌് അവർ അറിയിച്ചു.

മരട് മുനിസിപ്പാലിറ്റിയിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനാണ് സുപ്രീംകോടതി മെയ് ഒമ്പതിന് ഉത്തരവിട്ടത്. ഹോളി ഫെയ‌്ത്ത‌് അപ്പാർട്ട‌്മെന്റ‌്, ജെയ‌ിൻ ഹൗസിങ‌്, ആൽഫാവെഞ്ചേഴ‌്സ‌്, നെട്ടൂരിൽ അനുവദിച്ച ഹോളിഡേ ഹെറിറ്റേജ‌്, കായലോരം അപ്പാർട്ട‌്മെന്റ‌്സ‌് എന്നിവയാണ‌് ഫ്ലാറ്റുകൾ. ഇതിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഫ്ലാറ്റ‌് പൊളിച്ചുനീക്കിയാൽ ഉണ്ടാകുന്ന ആഘാതം പഠിക്കാൻ ചെന്നൈ ഐഐടി സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. വിവിധ വകുപ്പുകളിൽനിന്ന‌് റിപ്പോർട്ടുകൾ ആവശ്യപ്പെട്ട‌ാണ‌് സംഘം മടങ്ങിയത‌്. റിപ്പോർട്ടുകൾ ക്രോഡീകരിച്ച‌് സംഘം സംസ്ഥാന സർക്കാരിനെ തീരുമാനം അറിയിക്കാനിരിക്കെയാണ‌് പുനഃപരിശോധനാ ഹർജി തള്ളി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here