പാര്‍ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍; നിയമലംഘനങ്ങളില്ലെന്നുറപ്പുവരുത്തി അനുമതി നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം

ആന്തൂരുലെ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാമെന്ന് ഉത്തരവ്. തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

സെന്ററിന് ഒക്യൂപെന്‍സി സര്‍ടിഫിക്കറ്റ് നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയ ചട്ടലംഘനങ്ങള്‍ പരിഹരിച്ചു എന്നത് ഉറപ്പാക്കിയ ശേഷമാകും അനുമതി നല്‍കുക.

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സര്‍ക്കാര്‍ നിയോഗിച്ച ചീഫ് ടൗണ്‍ പ്‌ളാനര്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നാല് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചട്ടലംഘനങ്ങള്‍ പരിഹരിക്കാന്‍ സാജന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇവയെല്ലാം പരിഹരിച്ച് സ്ട്രക്ച്ചറല്‍ സ്റ്റേബിലിറ്റി സര്‍ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറയ്ക്ക് കണ്‍വെന്‍ഷന്‍ സെന്ററിന് ഒക്യൂപെന്‍സി സര്‍ടിഫിക്കറ്റ് ആനന്തൂര്‍ നഗരസഭാ സെക്രട്ടറി നല്‍കണമെന്നാണ് തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കണ്ടെത്തിയ ചട്ടലംഘനങ്ങള്‍ പരിഹരിച്ചു എന്നതും നഗരസഭാ സെക്രട്ടറി ഉറപ്പ് വരുത്തണം. ഇതിനായി സെക്രട്ടറി തന്നെ കണ്‍വെന്‍ഷന്‍ സെന്റര്‍ പരിശോധിക്കണം.

സെന്ററിന് ഒക്യുപന്‍സി സര്‍ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.

നിസാര കാരണങ്ങളാലും പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങളുടെ പേരിലും ആര്‍ക്കും ലൈസെന്‍സ് നല്‍കാതിരിക്കരുത് എന്നതും മന്ത്രി നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാമെന്ന് ഉത്തരവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here