കാട്ടുതീയുടെ ഉറവിടം കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.. പലപ്പോഴും ആരുടെയെങ്കിലും അശ്രദ്ധ കൊണ്ടുണ്ടാകുന്ന ചെറിയൊരു ബീഡിക്കുറ്റി പോലും ഏക്കറു കണക്കിന് വനഭൂമി കത്തിച്ചു ചാമ്പലാക്കാന്‍ പര്യാപ്തമാണ്. പൊതുവേ വേനല്‍ക്കാലത്താണ് ഇത്തരം തീപിടുത്തങ്ങള്‍ കൂടുതലായി ഉണ്ടാകാറുള്ളത്.

ഇത്തരത്തില്‍ കാട്ടു തീ പതിവായതോടെയാണ് ഇതിന് പിന്നിലെ കാരണക്കാരനെ കൈയ്യോടെ പിടികൂടാന്‍ ഓസ്‌ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പക്ഷെ കാട്ടുതീയുണ്ടാകാന്‍ കാരണക്കാരായവരെ കണ്ടെത്തിയപ്പോല്‍ എങ്ങനെ ശിക്ഷിക്കണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അധികൃതര്‍. കാട്ടുതീയ്ക്ക് കാരണക്കാരായ കുറ്റവാളികളെ കണ്ടെത്തിയെങ്കിലും അവരെ തിരുത്തുന്നതെങ്ങനെയെന്നറിയാത്തതാണ് അധികൃതരുടെ ആശയക്കുഴപ്പത്തിന് കാരണം.

ഒരു കൂട്ടം പരുന്തുകളാണ് ഈ കടുംകൈ ചെയ്യുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഇര പിടിക്കുന്നതിനായാണ് ഇവ കാടിനു തീയിടുന്നതത്രേ..

നമ്മുടെ നാട്ടില്‍ എലി പിടിക്കാന്‍ ഇല്ലം ചുടുന്നുവെന്ന് പറയും പോലെ കാടിനു തീയിടുന്ന പരുന്തിന്‍ കൂട്ടത്തെ എങ്ങനെ നേരിടുമെന്ന ചിന്തയിലാണിപ്പോള്‍ അധികൃതര്‍. ഇത് സംബന്ധിച്ച പഠനം അന്തര്‍ദേശീയ മാധ്യമമായ ജേണല്‍ ഓഫ് എത്ത്‌നോബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘റാപ്റ്ററുകള്‍’ എന്ന് പൊതുവായറിയപ്പെടുന്ന ബ്ലാക്ക് കെറ്റ്, വിസ്ലിംഗ് കൈറ്റ്, ബ്രൗണ്‍ ഫാല്‍ക്കണ്‍ എന്നീ മൂന്നിനം പരുന്തുകളാണ് കഥയിലെ വില്ലന്‍മാര്‍.

അടിക്കാടുകളില്‍ വാസമാക്കുന്ന ചെറുജീവികളെയും ഇഴജന്തുക്കളെയും വലിയ പ്രാണികളെയുമൊക്കെ പുകച്ചു പുറത്തെത്തിക്കാനും വേട്ടയാടാനുമാണ് ആശാന്‍മാര്‍ കാടിന് തീയിടുന്നത്.

വഴിയരുകളില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്ന തീക്കൊള്ളികളും സിഗരറ്റ് കുറ്റികളുമൊക്കെ ഉപയോഗിച്ചാണ്  പരുന്തിന്‍ കൂട്ടം കാടിന് തീയിടുന്നത്.  മനുഷ്യവാസമുള്ള ഇടങ്ങളില്‍ നിന്നും കണ്ടെത്തുന്ന തീക്കൊള്ളികളുമായി കിലോ മീറ്ററുകള്‍ പറക്കാനും ഇവ മടിക്കാറില്ലെന്നും പഠനത്തില്‍ പറയുന്നു.