ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും അവര്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കിയവരെയും കൊണ്ട് ഇറാക്കി ജയിലുകള്‍ നിറഞ്ഞു കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പുരുഷന്മാരുടെ സെല്ലില്‍ കിടക്കാനോ നിന്നു തിരിയാനോ ഇടമില്ലാത്ത വിധം കൗമാരക്കാര്‍ അടക്കമുള്ളവരെ അടച്ചിട്ടിരിക്കുന്നതിന്റെയും സ്ത്രീകളുടെ സെല്ലില്‍ കൈക്കുഞ്ഞുങ്ങള്‍ അടക്കം കിടക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തു വന്നത്. ഹ്യൂമനിറ്റി്സ് വാച്ചാണ് ഇതു സംബന്ധിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാക്കിലെ നൈന്‍വേ പ്രവിശ്യയിലുള്ള ജയിലുകളില്‍ അന്താരാഷ്ട്ര ജയില്‍ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന യാതൊരു കാര്യങ്ങളും പാലിച്ചിട്ടില്ലെന്ന് ഹ്യൂമന്റൈറ്റ്സ് വാച്ച് പറയുന്നു. ഇത് കൂടുതല്‍ തീവ്രവാദ സ്വഭാവത്തിലേക്ക് ഇവിടെ തടവിലുള്ളവരെ കൊണ്ടുപോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.തല്‍ കൈഫ് പ്രവിശ്യയിലുള്ള ജയിലില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അവരുടെ വസ്ത്രങ്ങള്‍ വശങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന നിലയിലുള്ള അവസ്ഥയാണ് ചിത്രത്തിലുള്ളത്.