നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ പേരുടെ അറസ്റ്റിന് സാധ്യത

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലെന്ന് സൂചന. രാജ്കുമാറിന്റെ മരണത്തില്‍ പ്രതി ചേര്‍ത്ത രണ്ട് പേര്‍ ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ അറസ്റ്റിലായ രണ്ട് പൊലീസുകാരെ ക്രൈം ബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കും.

രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ 54 പൊലീസുകാരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി സസ്്പെന്റ് ചെയ്ത എട്ട് പേരെയും സ്ഥലം മാറ്റിയ അഞ്ച് പേരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സസ്‌പെന്‍ഷനിലായവരില്‍പ്പെട്ട എസ് ഐ കെ എ സാബുവും സിപിഒ സജീവ് ആന്റണിയുമാണ് അറസ്റ്റിലായത്.

കൊലക്കുറ്റം, അന്യായമായി തടവില്‍ വെക്കല്‍, പീഡിപ്പിച്ച് കുറ്റം സമ്മിതിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇരുവരെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ക്രൈബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും.ഇവരുടെ കൂട്ടുപ്രതികളായ നാല് പേരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകും. കസ്റ്റഡി മരണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന നാല് പേരെ കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ച് ആറ് മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തിരുന്നു.

ഇവരെ ഇന്ന് വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ക്രൈബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തെത്തിയിരുന്നു. സാബുവിന്റെയും സജീവിന്റെയും റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ട് പേരെക്കൂടി പ്രതി ചേര്‍ത്തിരുന്നെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും വൈകാതെ ഇവരെ അറസ്റ്റ് ചെയ്യുമെന്നുമാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വ്യക്തമാക്കിയത്. കൈരളി ന്യൂസ് ഇടുക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here