മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ മോദി സര്‍ക്കാര്‍; പത്രമേഖലയെ പ്രതിസന്ധിയിലാക്കാന്‍ ന്യൂസ് പ്രിന്റിന് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തി കേന്ദ്രം

പത്ര–മാസികകൾ അച്ചടിക്കുന്ന കടലാസിന‌് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള കേന്ദ്ര സർക്കാരിന്റെ ബജറ്റ‌് തീരുമാനം പത്രവ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ‌്ത്തും. പല പത്രങ്ങൾക്കും സർക്കാർ പരസ്യം നിഷേധിക്കുന്നതിന‌ു പുറമെയാണ‌് ഇപ്പോൾ ഇറക്കുമതിചെയ്യുന്ന പത്രക്കടലാസിന‌് നികുതി ചുമത്താനുള്ള തീരുമാനം. അച്ചടിച്ചെലവിൽ വൻ വർധനയ‌്ക്ക‌് തീരുവ ചുമത്തൽ വഴിയൊരുക്കും. ആഭ്യന്തര പത്രക്കടലാസ‌് നിർമാണവ്യവസായത്തെ സംരക്ഷിക്കാനെന്ന പേരിലാണ‌് 10 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയത‌്. തീരുമാനം ഞായറാഴ‌്ചമുതൽ നിലവിൽ വരും.

നരേന്ദ്ര മോഡി രണ്ടാമതും അധികാരത്തിലെത്തിയത‌ുമുതൽ സർക്കാരിന‌് സ‌്തുതിപാടാത്ത പത്രങ്ങൾക്കെതിരായി നീക്കമാരംഭിച്ചിരുന്നു. ദി ഹിന്ദു, ടെലഗ്രാഫ‌്, അസം ട്രൈബ്യൂൺ, ടൈംസ‌് ഓഫ‌് ഇന്ത്യ തുടങ്ങിയ പത്രങ്ങൾക്ക‌് നിലവിൽ സർക്കാർ പരസ്യം നൽകുന്നില്ല. റഫേൽ ഇടപാടിലെ വെളിപ്പെടുത്തലുകളെത്തുടർന്നാണ‌് ഹിന്ദുവിനെ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത‌്. മോഡിവിരുദ്ധ നിലപാട‌് സ്വീകരിക്കുന്നുവെന്നാണ‌് ടെലഗ്രാഫിന‌ുമേൽ ചുമത്തിയ കുറ്റം. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രചാരണവേളയിൽ മോഡി നടത്തിയ പ്രസംഗങ്ങളിലെ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയതാണ‌് ടൈംസ‌് ഓഫ‌് ഇന്ത്യക്കെതിരായ നീക്കത്തിന‌് കാരണം. വടക്കുകിഴക്കൻ മേഖലയിൽ ഏറെ വിവാദമായി മാറിയ പൗരത്വ ഭേദഗതി ബില്ലിനെതിരായി വാർത്ത നൽകിയെന്ന കുറ്റമാണ‌് അസം ട്രൈബ്യൂണിന‌ുമേൽ ചുമത്തിയത‌്.

ഇംഗ്ലീഷ‌്, ഹിന്ദി വാർത്താചാനലുകളിൽ നല്ലൊരുപങ്കും തുടർച്ചയായി മോഡി സ‌്തുതി നടത്തുമ്പോൾ ദിനപത്രങ്ങളിൽ പലതും അതിന‌് തയ്യാറാകാത്തതിൽ ബിജെപി നേതൃത്വം അസ്വസ്ഥമാണ‌്. ഇതിന്റെ തുടർച്ചയാണ‌് പത്രവ്യവസായത്തിന‌് എതിരായ നിരന്തര നടപടികൾ. സർക്കാർ ടെൻഡറുകൾ നിർബന്ധമായും പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തണമെന്ന വ്യവസ്ഥയിൽ ഒന്നാം മോഡി സർക്കാരിന്റെ കാലത്ത‌ുതന്നെ മാറ്റംകൊണ്ടുവന്നിരുന്നു. നിശ്ചിത തുകയ‌്ക്ക‌് അപ്പുറമുള്ള ടെൻഡറുകൾ സർക്കാരിന്റെ ഇ–- മാർക്കറ്റ‌് പോർട്ടലായ കേന്ദ്ര പൊതുസംഭരണ പോർട്ടലിലോ അതല്ലെങ്കിൽ മന്ത്രാലയത്തിന്റെയും വകുപ്പുകളുടെയും വെബ‌്സൈറ്റുകളിലോ പ്രസിദ്ധപ്പെടുത്തിയാൽ മതിയെന്നാണ‌് പുതിയ തീരുമാനം.
കടലാസിന‌് 10 ശതമാനം ഇറക്കുമതി തീരുവകൂടി വരുന്നതോടെ പത്രങ്ങളുടെ അച്ചടിച്ചെലവ‌് ഗണ്യമായി ഉയരും. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇറക്കുമതി പത്രക്കടലാസിന്റെ വിലയിൽ വലിയ വർധനയുണ്ടായിരുന്നു. 2016–-18 കാലയളവിൽ ഇറക്കുമതിചെയ്യുന്ന പത്രക്കടലാസിന‌് ടണ്ണിന‌് 13,000 രൂപവരെ വിലകൂടി. 2018ൽ ടണ്ണിന‌് 45,500 വരെയായി ഉയർന്നത‌് നിലവിൽ 37,700 രൂപയാണ‌്. നിലവിൽ 10 ശതമാനം തീരുവയും കൂട്ടിയാൽ ടണ്ണിന‌് നാലായിരം രൂപയോളം കൂടും.

2018ൽ പത്രക്കടലാസിന്റെ നിർമാണം ചൈന പൂർണമായും അവസാനിപ്പിച്ചതോടെയാണ‌് ആഗോളതലത്തിൽ വിലവർ‌ധനയുണ്ടായത‌്. ചൈനയും പത്രക്കടലാസ‌് ഇറക്കുമതിചെയ‌്ത‌് തുടങ്ങിയതോടെ അത‌് വിലയിൽ പ്രതിഫലിക്കുകയായിരുന്നു.

ആഗോളതലത്തിൽ പത്രഉപഭോഗത്തിൽ കുറവ‌് വന്നതോടെ 2019ൽ വിലയിൽ നേരിയ കുറവ‌് അനുഭവപ്പെട്ടുതുടങ്ങി. എന്നാൽ, 10 ശതമാനം ഇറക്കുമതി തീരുവയ‌്ക്ക‌് സർക്കാർ തീരുമാനിച്ചതോടെ വിലയിലെ കുറവിന്റെ ആശ്വാസം പത്രവ്യവസായമേഖലയ‌്ക്ക‌് ലഭിക്കാതെ പോകും.

ഇറക്കുമതിചെയ്യുന്ന പത്രക്കടലാസിന‌് അഞ്ചുശതമാനം ഇറക്കുമതി തീരുവ 2008 വരെ നിലവിലുണ്ടായിരുന്നു. വിലവർധനയെത്തുടർന്ന‌് 2009ൽ തീരുവ പൂർണമായും എടുത്തുകളഞ്ഞു. 10 വർഷത്തിന‌ുശേഷം ഇറക്കുമതിത്തീരുവ 10 ശതമാനമെന്ന നിലയിൽ മോഡി സർക്കാർ പുനഃസ്ഥാപിക്കുകയാണ‌്. ഇറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനത്തെ ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ നിശിതമായി വിമർശിച്ചു. പത്രമാധ്യമങ്ങളെ പൂർണമായും ഇല്ലാതാക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്ന‌് സ്റ്റാലിൻ പറഞ്ഞു. വാർത്തകളും അഭിപ്രായങ്ങളും പ്രചരിക്കുന്നത‌് തടയുകയാണ‌് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, തീരുവ വർധിപ്പിച്ച നടപടിയെ ഇന്ത്യൻ ന്യൂസ‌്പ്രിന്റ‌് നിർമാണ അസോസിയേഷൻ സ്വാഗതംചെയ‌്തു. തീരുവ കൂടാതെയുള്ള പത്രക്കടലാസ‌് ഇറക്കുമതി ആഭ്യന്തരവ്യവസായത്തെ ദോഷകരമായി ബാധിച്ചിരുന്നതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തീരുമാനം പിൻവലിക്കണമെന്ന‌് അസോസിയേഷൻ ഓഫ‌് ഇന്ത്യൻ മാഗസിൻസ‌് പ്രസിഡന്റ‌് ആർ രാജമോഹൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here