കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വിമതര്‍ക്ക് മന്ത്രി സ്ഥാനം ഉള്‍പ്പെടെ നല്‍കി അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍ ചര്‍ച്ച തുടരുകയാണ്. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 12ന് ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

മന്ത്രിസഭാ പുനഃസംഘടനയിലൂടെ രാജി സമര്‍പ്പിച്ച എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ജെഡിഎസ് ശ്രമം. ജി രാമലിംഗ റെഡ്ഡിയെ തിരികെ എത്തിച്ചാല്‍ തന്നെ പ്രതിസന്ധി അതിജീവിക്കാം എന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

മല്ലികര്‍ജ്ജുന ഖാര്‍ഗെ, കെ സി വേണുഗോപാല്‍ സിദ്ധരാമയ്യ, തുടങ്ങിയ നേതാക്കള്‍ വിമതരെ ബന്ധപ്പെടുന്നുണ്ട്. 12ന് സഭാ സമ്മേളനം ആരംഭിക്കും.

ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ അതിജീവിക്കാന്‍ ആകുമെന്ന ഉറപ്പ് കോണ്ഗ്രസിന് ഇല്ല. ആരൊക്കെ കൂടെയുണ്ടാകും എന്ന് കോണ്‍ഗ്രസിനും വ്യക്തത ഇല്ല

മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് തിരികെ എത്തിയാല്‍ ജെഡിഎസ് നിയമസഭാ കക്ഷി യോഗം ചേരും. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള സമ്മര്‍ദമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു.

സഖ്യ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് പല തവണ ആവര്‍ത്തിച്ച കുമാരസ്വാമിയുടെ നിലപാടും നിര്‍ണായകമാകും. മറുവശത്ത് 5 ഓളം ഭരണകക്ഷി എംഎല്‍എമാരെ കൂടി രാജിവയ്പ്പിക്കാനാണ് ബിജെപി ശ്രമം.

രാജി വച്ച എംഎല്‍എമാരില്‍ പലരും മുംബൈയില്‍ ബിജെപി സംരക്ഷണത്തിലാണ്. ഇവരില്‍ പലര്‍ക്കും ബിജെപി സര്‍ക്കാരില്‍ മന്ത്രി സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്