നമ്മുടെ പറമ്പിലും തൊടിയിലും സാധാരണ കണ്ടുവരാറുള്ള മൊട്ടാബ്ലി എന്നറിയപ്പെടുന്ന ഈ കാട്ടുചെടി നമുക്കെല്ലാം പരിചിതമാണ്. കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ കുറ്റി ക്കാട്ടിലും വഴിയരുകുകളിലും വളര്‍ന്നിരുന്ന ഈ കാട്ടുചെടിയിലെ കുഞ്ഞന്‍ പഴങ്ങള്‍ പറിച്ചു തിന്നിട്ടുമുണ്ടാകും.

നമ്മുടെ നാട്ടില്‍ വെറുമൊരു കാട്ടുചെടിയായി അവഗണിക്കപ്പെടുന്ന ഈ ഇത്തിരിക്കുഞ്ഞന്‍ പഴത്തിന്റെ വിപണി വിലയും ഗുണവുമറിഞ്ഞാല്‍ ശരിക്കും ആരും ഞെട്ടും.

പഴമൊന്നിന് വിപണി വില 17 രൂപയാണ്!. വിദേശ വിപണിയില്‍ ഇവയ്ക്ക് വന്‍ പ്രചാരമാണുള്ളത്.യുഎഇയില്‍ ഒരു പാക്കറ്റിന് 9 ദിര്‍ഹമാണ് വില. ഒരു പാക്കറ്റില്‍ 10 പഴങ്ങളാണ് ഉണ്ടാവുക. തീര്‍ന്നില്ല.. ഓണ്‍ലൈനായും പഴം വാങ്ങാനാകും. ഒരു കിലോ പഴത്തിന് 3275 രൂപയാണ് വില.

നമ്മുടെ വീട്ടുപറമ്പില്‍ യാതൊരു പരിചരണവും കൂടാതെ സുലഭമായി വളരുന്ന ഈ കുഞ്ഞന്‍ ചെടിയുടെ വിപണി സാധ്യതകള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകും.

പലനാട്ടില്‍ പല പേരിലാണ് ഈ കാട്ടുചെടിയറിയപ്പെടുന്നത്. മൊട്ടാബ്ലി, ഞൊട്ടാബ്ലി, ഞൊട്ട്ക്ക,മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി തുടങ്ങി നിരവധി പേരുകളിലാണ് ഇവയറിയപ്പെടുന്നത്. ഗോള്‍ഡന്‍ ബെറി ബുഷ് ബെറിഎന്നീ പേരുകളില്‍ അറിയപ്പെടുന്ന
ഈ ചെടിയുടെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്.

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പന്നമായ പഴത്തില്‍ അയണ്‍, പോളിഫിനോള്‍, കാരോടിനോയിഡ്, കാത്സ്യം, ഫോസ്ഫറസ് എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങളുണ്ട്.

ഇത് ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മികച്ചതാണ്. കൂടാതെ വൃക്കരോഗങ്ങള്‍ക്കും മൂത്രതടസ്സത്തിനും ഈ പഴം കഴിക്കാറുണ്ട്. മികച്ച ഹെല്‍ത്ത് സപ്ലിമെന്റാണ് ഇത്തിരിക്കുഞ്ഞന്‍ പഴം.