ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി. ചൊവ്വാഴ്ച നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യ കിവീസിനേയും വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ഓസീസ് ആതിഥേയരായ ഇംഗ്‌ളണ്ടിനേയും നേരിടും.

പ്രാഥമിക റൗണ്ട് മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നത്. അവസാന മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ 9 മത്സസരങ്ങളില്‍നിന്ന് 15 പോയിന്റുമായി ഇന്ത്യ ഒന്നാമത് എത്തുകയായിരുന്നു.

പോയിന്റുനിലയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്റും ഇന്ത്യയും തമ്മിലാണ് ആദ്യ സെമി. ചൊവ്വാഴ്ച മെല്‍ബണിലാണ് മത്സരം.

പ്രാഥമിക റൗണ്ടില്‍ ഇന്ത്യ ന്യൂസിലന്റ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നതിനാല്‍ സെമിയിലാണ് ഇരുവരും മുഖാമുഖം കാണുന്നത്.

എന്നാല്‍ പരിശീലന മത്സരത്തില്‍ ഇന്ത്യയെ ന്യൂസിലന്റ് പരാജയപ്പെടുത്തിയിരുന്നു. പക്ഷേ കണക്കിലെ കളികളിലും പ്രകടനത്തിലും ഇന്ത്യ ന്യൂസിലന്റിനേക്കാള്‍ ഏറെ മുന്നിലാണ്. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ന്യൂസിലന്റ്.

അതേസമയം രണ്ടാം സെമിയില്‍ ഓസീസ് ഇംഗ്ലണ്ടിനെ നേരിടും. ഇരുവരും പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ 64 റണ്‍സിന് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. ഈ പരാജയത്തിന് സെമിയില്‍ കണക്കുതീര്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ആരാധകര്‍.

നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുളള ഓസ്‌ട്രേലിയ പട്ടികയില്‍ രണ്ടാമതാണ്. 12 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമതും.

വ്യാഴാഴ്ചയാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടും തമ്മിലുളള സെമിപോരാട്ടം.