ബംഗളൂരു എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നാലെ കര്‍ണാടകയില്‍ തിരക്കിട്ട അനുനയ നീക്കങ്ങളുമായി കോണ്‍ഗ്രസ്- ദള്‍ നേതൃത്വം.

മുതിര്‍ന്ന നേതാക്കള്‍ വിമതരുമായി ചര്‍ച്ച നടത്താന്‍ ഞായറാഴ്ച മുംബൈയിലെത്തും. രാജി സമര്‍പ്പിച്ച പത്തുപേരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലേക്കു മാറ്റിയിരുന്നു. ഇവരുമായാണ് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുക.

ബെംഗളൂരുവില്‍ തുടരുന്ന രാമലിംഗ റെഡ്ഡിയുമായും അനുനയശ്രമങ്ങള്‍ തുടരുകയാണ്. രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമതരുമായി ബിജെപി നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്. ഇവരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് വിമതരുമായി അനുനയശ്രമങ്ങള്‍ നടത്തുന്നത്.

എന്നാല്‍ വിമതരെ തിരിച്ചുകൊണ്ടുവരുന്നതു കോണ്‍ഗ്രസിന് എളുപ്പമാകില്ല. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും ഞായറാഴ്ച വൈകിട്ട് വിദേശത്തുനിന്ന് മടങ്ങിയെത്തും. ഇതിനു ശേഷമായിരിക്കും കൂടുതല്‍ ചര്‍ച്ചകള്‍.

എംഎല്‍എമാരുടെ രാജികളില്‍ തീരുമാനം ചൊവ്വാഴ്ച അറിയിക്കാമെന്നാണ് സ്പീക്കര്‍ പറഞ്ഞിരിക്കുന്നത്. അതുവരെയാണ് ഇരുപാര്‍ട്ടികള്‍ക്കും ചര്‍ച്ചകള്‍ക്കു സമയമുള്ളത്.

കോണ്‍ഗ്രസ് ജനതാദള്‍ (എസ്) ഭരണസഖ്യത്തിലെ 14 എംഎല്‍എമാരാണ് രാജിവച്ചത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ്‌സിങ് രാജിവച്ചതിനു പിന്നാലെ ഇന്നലെ 13 പേര്‍ കൂടി കൂട്ടരാജി നല്‍കിയതോടെയാണ് കൈവിട്ട രാഷ്ട്രീയക്കളി വീണ്ടും സജീവമായത്.

ഇന്നലെ 12 പേരുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചു. മന്ത്രിസ്ഥാനം ലഭിച്ചാല്‍ രാജി പിന്‍വലിക്കാമെന്നു രാമലിംഗ റെഡ്ഡി പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.

സഖ്യസര്‍ക്കാരിന്റെ പതനം ഏതാണ്ട് ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. സ്പീക്കര്‍ എംഎല്‍എമാരുടെ രാജി സ്വീകരിച്ചാല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് കൈവിട്ടു പോകും.

അതേസമയം ഒരു എംഎല്‍എ കൂടി രാജി വച്ചാല്‍ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാം. 119 സീറ്റാണ് സഖ്യസര്‍ക്കാരിനുള്ളത്.

105 സീറ്റാണ് ബിജെപിക്കുള്ളത്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മാധ്യമങ്ങളോടു പറഞ്ഞു.