നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട്, മൂന്ന് പ്രതികളായ എഎസ്‌ഐ, സിപിഒ എന്നിവരടക്കമുള്ളവരുടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, ഒന്നാം പ്രതി കെഎ സാബുവിനെ ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ മത്രമേ ഇതുവരെ അറസ്റ്റിലായിട്ടുള്ളു. ഒന്നാംപ്രതി എസ്‌ഐ സാബുവും നാലാം പ്രതി സിപിഒ സജീവ് ആന്റണിയും. ഇവര്‍ക്കൊപ്പമുള്ള രണ്ട്, മൂന്ന് പ്രതികളായ എഎസ്‌ഐ, സിപിഒ എന്നിവരുടെ അറസ്റ്റാണ് ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. കൂടാതെ രണ്ട് പേര്‍ കൂടി അറസ്റ്റിലാകാനും സാധ്യതയുണ്ട്.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലെ 52 പൊലീസുകാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്റെ കൂട്ടുപ്രതികളും ഹരിത ഫിനാന്‍സിലെ ജീവനക്കാരുമായ ശാലിനി, മഞ്ചു എന്നിവരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് എസ്പിക്ക് പരാതി നല്‍കിയ നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ശക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടുമെന്നതിനാല്‍ വിശദമായ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. അതിനിടെ, ഒന്നാം പ്രതി സാബുവിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാകുന്നതോടെ മറ്റ് പൊലീസുകാരുടെ പങ്ക് വ്യക്തമാകും. ഇതോടെ കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് അന്വേണം തുടരാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.