എണ്ണ വില കൂട്ടാന്‍ കേന്ദ്രം; പെട്രോളിനും ഡീസലിനും ലിറ്ററിന‌് 3 രൂപ വീതം കൂടും

പെട്രോളിനും ഡീസലിനും ലിറ്ററിന‌് 3 രൂപ വീതം കൂടി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിനൊപ്പം പാർലമെന്റിൽ അവതരിപ്പിച്ച ധനബില്ലിലാണ‌് ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നത‌്. മന്ത്രിയുടെ ബജറ്റ‌് പ്രസംഗത്തിൽ പെട്രോളിനും ഡീസലിനും സെസ‌് ചുമത്തി ലിറ്ററിന‌് രണ്ടുരൂപ വീതം വർധനയാണ‌് പ്രഖ്യാപിച്ചത‌്. എന്നാൽ ധനബില്ലിൽ ലിറ്ററിന‌് അഞ്ചുരൂപ വീതം വർധിപ്പിക്കാനാണ‌് ശുപാർശ ചെയ‌്ത‌്. ബജറ്റിനൊപ്പം ധനബില്ല‌് പാർലമെന്റ‌് പാസാക്കിയാൽ എപ്പോൾ വേണമെങ്കിലും ഈ വർധന സർക്കാരിന‌് നടപ്പിൽ വരുത്താം. ധനബില്ലിലെ ഭാഗം 11 ൽ വരുന്ന 185-ാം വകുപ്പിൽ പെട്രോളിന്റെ പ്രത്യേക അധിക തീരുവ ലിറ്ററിന‌് 10 രൂപയായി നിജപ്പെടുത്താനാണ‌് നിർദേശിക്കുന്നത‌്.

ഡീസലിന്റെ പ്രത്യേക അധികതീരുവ ലിറ്ററിന‌് നാലു രൂപയാക്കാനും നിർദേശിക്കുന്നു. ധനബില്ലിന്റെ 18–-ാം ഭാഗത്തിൽ 201-ാം വകുപ്പിലാണ‌് പെട്രോളിന്റെയും ഡീസലിന്റെ റോഡ‌്– പശ‌്ചാത്തലസൗകര്യ സെസ‌് ലിറ്ററിന‌് 10 രൂപയാക്കാൻ നിർദേശിക്കുന്നത‌്. ധനബില്ലിന‌് പാർലമെന്റിന്റെ അംഗ‌ീകാരമാകുന്നതോടെ സ്വഭാവികമായും ഈ നികുതി വർധന നിർദേശങ്ങൾ നടപ്പിലാകും. ഇതോടെ പെട്രോളിന്റെ പ്രത്യേക അധിക തീരുവ ഏഴിൽനിന്ന‌് 10 രൂപയായും ഡീസലിന്റേത‌് ഒന്നിൽനിന്ന്‌ നാലു രൂപയായും ഉയരും. ഫലത്തിൽ ബജറ്റിലെ രണ്ടുരൂപ നികുതി വർധനവി‌ന‌് പുറമെ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ലിറ്ററിന‌് മൂന്നു രൂപ കൂടി വർധിക്കും.

ലിറ്ററിന‌് മൂന്നുരൂപ കൂടി വീണ്ടും കൂട്ടുന്നതോടെ നടപ്പുസാമ്പത്തിക വർഷം മുപ്പതിനായിരം കോടി രൂപയുടെ അധികവരുമാനം സർക്കാരിന‌് ലഭിക്കുമെന്ന‌് റവന്യൂ സെക്രട്ടറി അജയ‌്ഭൂഷൺ പാണ്ഡെ പറഞ്ഞു. ഒന്നാം മോഡി സർക്കാർ 2014–19 കാലയളവിൽ പത്തുലക്ഷം കോടിയിലേറെ രൂപയാണ‌് പെട്രോൾ–- ഡീസൽ തീരുവയിലൂടെ സമാഹരിച്ചത‌്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം രണ്ടര ലക്ഷം കോടിയോളം രൂപ ഈയിനത്തിൽ ലഭിച്ചു.

നടപ്പുസാമ്പത്തിക വർഷം ഇന്ധന നികുതിയിലൂടെയുള്ള പണമൊഴുക്ക‌് മൂന്നു ലക്ഷം കോടി രൂപയിൽ അധികമാകാനാണ‌് സാധ്യത.ബജറ്റ‌് പ്രസംഗത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും എക‌്സൈസ‌് തീരുവയുടെ ഭാഗമായ പ്രത്യേക അധിക തീരുവയിൽ ഒരു രൂപയുടെ വീതം വർധനവാണ‌് ധനമന്ത്രി പ്രഖ്യാപിച്ചത‌്. ഇതോടൊപ്പം പെട്രോളിനും ഡീസലിനും മേൽ ചുമത്തുന്ന റോഡ‌്– പശ‌്ചാത്തലസൗകര്യ സെസിൽ ഒരു രൂപയുടെ വീതം വർധനവും മന്ത്രി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന‌് മേൽ ടണ്ണിന‌് ഒരു രൂപയുടെ കസ‌്റ്റംസ‌് തീരുവയും രണ്ടാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റ‌് അടിച്ചേൽപ്പിച്ചു.

പെട്രോൾ വിലയിൽ ലിറ്ററിന‌് 2.45 രൂപയുടെയും ഡീസൽ വിലയിൽ ലിറ്ററിന‌് 2.36 രൂപയുടെയും വർധനവ‌് ശനിയാഴ‌്ച മുതൽ പ്രാബല്യത്തിലാവുകയും ചെയ‌്തു. കോർപ്പറേറ്റുകൾക്ക‌് നൽകി വരുന്ന നികുതി ആനുകൂല്യങ്ങളുടെ ഭാഗമായി വരുമാനത്തിലുണ്ടായ കുറവ‌് പെട്രോൾ– ഡീസൽ എ‌ക‌്സൈസ‌് തീരുവ വർധനവിലൂടെ നികത്താനാണ‌് സർക്കാർ ശ്രമം. ഇതോടൊപ്പം പട്ടികജാതി– പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളുടെയും രാജ്യത്തെ കോടിക്കണക്കിന‌് ഗ്രാമീണ ജനതയ‌്ക്ക‌് ആശ്വാസകരമായ തൊഴിലുറപ്പ‌് പദ്ധതിയുടെയും മറ്റും പദ്ധതിവിഹിതം വെട്ടികുറയ‌്ക്കുകയും ചെയ‌്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News