പെറുവിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്‌ കീഴടക്കി ബ്രസീൽ കോപ അമേരിക്ക ഫുട്‌ബോളിൽ കിരീടം ചൂടി. മാരക്കാന സ്‌റ്റേഡിയത്തിൽ എവർട്ടൺ, ഗബ്രിയേൽ ജെസ്യൂസ്‌, റിച്ചാർലിസൺ എന്നിവർ ഗോളടിച്ചു. ക്യാപ്‌റ്റൻ പൗലോ ഗുറൈറോ പെനൽറ്റിയിലൂടെ പെറുവിന്റെ ആശ്വാസഗോൾ നേടി.

കളി തീരാൻ 20 മിനിറ്റ്‌ ശേഷിക്കെ ജെസ്യൂസ്‌ രണ്ടാം മഞ്ഞക്കാർഡ്‌ കണ്ട്‌ പുറത്തായെങ്കിലും ബ്രസീലിന്റെ കുതിപ്പിനെ അതുബാധിച്ചില്ല. കോപയിൽ ബ്രസീലിന്റെ ഒമ്പതാം കിരീടമാണിത്‌. 2007നുശേഷമുള്ള ആദ്യ കിരീടം. ആദ്യപകുതിയിൽ ബ്രസീൽ ആത്മവിശ്വാസത്തോടെ പന്ത‌് തട്ടി. ഗ്രൂപ്പ‌് ഘട്ടത്തിൽ ബ്രസീലിനോട‌് അഞ്ച‌് ഗോളിന‌് തോറ്റതിന്റെ പതർച്ചയൊന്നുമില്ലാതെ പെറുവും കളിച്ചതോടെ കളി മുറുകി. ബ്രസീൽ ക്ഷമയോടെ കാത്തിരുന്നു.

പെറുവിന്റെ പിഴവുകൾക്കായി കാത്തിരുന്ന കാനറികൾക്ക‌് കളിയുടെ പതിനഞ്ചാം മിനിറ്റിൽ അവസരം കിട്ടി. മധ്യവരയ‌്ക്ക‌് പിന്നിൽ നിന്ന‌് നായകൻ ഡാനി ആൽവേസ‌് ബ്രസീൽ നീക്കത്തിന‌് തുടക്കമിട്ടു. പന്ത‌് വലത‌് വശത്ത‌് ഗബ്രിയൽ ജെസ്യൂസിന്റെ കാലുകളിൽ. ഗോൾമുഖത്ത‌് ഒറ്റപ്പെട്ട‌് നിൽക്കുന്ന എവർട്ടണെ ജെസ്യൂസ‌് കണ്ടു. മിന്നുന്ന ക്രോസ‌് പാഞ്ഞു. കൃത്യം എവർട്ടന്റെ കാലിൽ. ബ്രസീൽ 1–0.

ഗോൾവീണതോടെ കളി പൂർണമായും ബ്രസീലിന്റെ നിയന്ത്രണത്തിലായി. ഗോൾവലയ‌്ക്ക‌് പത്ത‌്വാര മുന്നിൽ വച്ചുള്ള ഫിലിപെ കുടീന്യോയുടെ അടി നേരിയ വ്യത്യാസത്തിൽ പുറത്തായി. കളിഗതിക്കെതിരായി പെറുവിന‌് സമനില ഗോൾ ലഭിച്ചു. ആദ്യപകുതി അവസാനിക്കാൻ നാല‌് മിനിറ്റ‌് ശേഷിക്കേ പെനൽറ്റിയിലൂടെ പൗലോ ഗുറൈറൊ പെറുവിനെ ഒപ്പമെത്തിച്ചു. കുയേവയുടെ അടി തടയാനുള്ള ശ്രമത്തിനിടെ ബ്രസീൽ പ്രതിരോധക്കാരൻ തിയാഗോ സിൽവയുടെ കൈയിൽ പന്ത‌് തട്ടുകയായിരുന്നു.

ഏറെസമയം ആശ്വസിക്കാൻ പെറുവിന‌് കഴിഞ്ഞില്ല. മധ്യനിരയിൽ ആർതറിന്റെ ഉശിരൻ നീക്കം ബ്രസീലിന്റെ രണ്ടാം ഗോളിന‌് വഴിതുറന്നു. പെറു താരം യോഷിമർ യോട്ടുനിന്റെ കാലിൽ നിന്നും പന്ത‌് റാഞ്ചിയെടുത്ത ആർതർ ജെസ്യൂസിന‌് നൽകി. പെറു പ്രതിരോധക്കാരെയും ഗോൾകീപ്പറോയും മറികടന്ന‌് ജെസ്യൂസ‌് ഒന്നാന്തരമായി പന്ത‌് വലയിലെത്തിച്ചു.

രണ്ടാംപകുതിയിൽ ബ്രസീലിന‌് അവസരങ്ങൾ കിട്ടിയെങ്കിലും ഒന്നും മുതലാക്കാനായില്ല. കളി തീരാൻ ഇരുപത‌് മിനിറ്റ‌് ശേഷിക്കേ രണ്ടാം മഞ്ഞാം കാർഡുമായി ജെസ്യൂസ‌് മടങ്ങി. പത്തുപേരായി ചുരുങ്ങിയതിന്റെ പതർച്ചയിൽനിന്ന്‌ ബ്രസീൽ പെട്ടെന്ന്‌ തിരിച്ചെത്തി. റോബർട്ട്‌ ഫിർമിനോയ്‌ക്ക്‌ പകരമെത്തിയ റിച്ചാർലിസൺ ബ്രസീൽ മുന്നേറ്റത്തിന്‌ ഉണർവ്‌ നൽകി. കളിയുടെ അവസാന ഘട്ടത്തിൽ എവർട്ടണെ പെറ പ്രതിരോധം വീഴ്‌ത്തി. ബ്രസീലിന്‌ പെനൽറ്റി. റിച്ചാർലിസൺ കിക്കെടുത്തു. ബ്രസീൽ കിരീടമുറപ്പിച്ചു.