കായംകുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. കായംകുളം പുത്തൻ റോഡിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് ഹരിപ്പാട് പള്ളിപ്പാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിലിടിക്കുകയായിരുന്നു.
ആലപ്പുഴ ഭാഗത്തു നിന്നു വന്ന കാറിലുണ്ടായിരുന്ന ആറ് പേർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാറിന്‍റെ ഡ്രൈവറടക്കമുള്ള മൂന്ന് പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ള 3 പേർ കായംകുളം താലൂക്കാശുപത്രിയിലാണ്.

അപകടം നടന്നയുടൻ സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ച‌േ‌ർന്ന് കാ‌ർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറുള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.