ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട വലിയ തിരിച്ചടിയെ മറികടക്കാന്‍ പാര്‍ട്ടി കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം നിരവധി പ്രമുഖരാണ് രാജി വച്ചൊഴിയുന്നത്. ഇപ്പോഴിതാ രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ പിസിസി അധ്യക്ഷൻ മിലിന്ദ് ദേവ്‌റയും രാജി സമർപ്പിച്ചു. മൂന്ന് മാസം മുമ്പാണ് മിലിന്ദ് മുംബൈ കോൺഗ്രസ് പ്രസിഡന്റായി സ്ഥാനമേറ്റിരുന്നത്.
ദേശീയ നേതൃത്വത്തെ സഹായിക്കുകയാണ് തന്റെ പുതിയ ദൗത്യമെന്ന് മിലിന്ദ് ദേവ്‌റ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പിസിസി പ്രസിഡന്റുമാര്‍ രാജി വയ്ക്കുകയും വിവിധ സംസ്ഥാന പിസിസികള്‍ പിരിച്ചുവിടുകയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവർ രാജി വയ്ക്കുകയും ചെയ്തതിന് തുടര്‍ച്ചയായാണ് മിലിന്ദ് ദേവ്രയുടെ ഇപ്പോഴത്തെ രാജി.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്നവർ മുന്നോട്ട് വരണമെന്ന് മിലിന്ദ് ദേവ്‌റ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സഖ്യവും പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡിയും കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളിയായിരിക്കുമെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മിലിന്ദ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും കെസി വേണുഗോപാലിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മിലിന്ദ് ദേവ്‌റ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.