വോള്‍വോയുടെ ഇന്ത്യയിലെ രണ്ട് മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ചു. വോള്‍വോ വി40 ഹാച്ച്ബാക്ക്, എസ്60 സെഡാന്‍ എന്നീ കാറുകളാണ് നിര്‍ത്തിയത്. ഈ രണ്ട് മോഡലുകളുടെയും ക്രോസ് കണ്‍ട്രി പതിപ്പുകളുടെയും വില്‍പ്പന അവസാനിപ്പിച്ചു. എസ്60 സെഡാന്‍ തല്‍ക്കാലം വോള്‍വോ ഇന്ത്യയുടെ വെബ്സൈറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ചില ഡീലര്‍ഷിപ്പുകളില്‍ സ്റ്റോക്ക് വിറ്റുതീരാത്തത് ആയിരിക്കും കാരണം. അതേസമയം വി40, വി40 ക്രോസ് കണ്‍ട്രി, എസ്60 ക്രോസ് കണ്‍ട്രി എന്നീ മോഡലുകള്‍ വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്തു.

പുതിയ എസ്60 വൈകാതെ വിപണിയിലെത്തിക്കും. എന്നാല്‍ വി40 മോഡലിന് പിന്തുടര്‍ച്ച ഉണ്ടായേക്കില്ല. ആഗോളതലത്തില്‍ ഈ വര്‍ഷം അവസാനത്തോടെ വി40 ഹാച്ച്ബാക്ക് വിട പറയും. ഇതോടെ എസ്90, വി90 ക്രോസ് കണ്‍ട്രി, എക്സ്സി40, എക്സ്സി60, എക്സ്സി90 എന്നീ അഞ്ച് മോഡലുകള്‍ മാത്രമാണ് വോള്‍വോ ഇന്ത്യയില്‍ വില്‍ക്കുന്നത്.

വി40, എസ്60 മോഡലുകള്‍ അവയുടെ ജീവിത ചക്രത്തിന്റെ അവസാന നാളുകളിലായിരുന്നു. 2011 മുതല്‍ ഇന്ത്യയില്‍ വിറ്റുതുടങ്ങിയ രണ്ടാം തലമുറ എസ്60, 2013 മുതല്‍ ഇന്ത്യയില്‍ ക്രോസ് കണ്‍ട്രി രൂപത്തില്‍ വില്‍പ്പന ആരംഭിച്ച വി40 എന്നീ മോഡലുകള്‍ ഫോഡിന്റെ പഴയ പ്ലാറ്റ്ഫോമുകളില്‍ നിര്‍മ്മിച്ചതാണ്. വോള്‍വോയുടെ നിലവിലെ സിഎംഎ, എസ്പിഎ പ്ലാറ്റ്ഫോമുകളില്‍ നിര്‍മ്മിക്കാത്ത രണ്ട് മോഡലുകള്‍ ഇവ രണ്ടും മാത്രമായിരുന്നു.

2016 അവസാനത്തില്‍ വി40 ഇരട്ടകള്‍ പരിഷ്‌കരിച്ചു. എന്നാല്‍ 2014 തുടക്കത്തിലാണ് എസ്60 അവസാനമായി പരിഷ്‌കരിച്ചത്. പൂര്‍ണ്ണമായി നിര്‍മ്മിച്ചശേഷമാണ് രണ്ട് മോഡലുകളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്.