ഹൈക്കോടതി ഉത്തരവിന് പുല്ല് വില; കുട്ടിക്ക് ടിസി നല്‍കാതെ സ്‌കൂളിന്റെ കോടതി അലക്ഷ്യം

കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ടിസി നല്‍കാതെ കടുംപിടുത്തം തുടരുന്ന തൃശൂര്‍ മുള്ളൂര്‍ക്കര ആറ്റൂര്‍ അറഫ ഇംഗ്ലീഷ് സ്‌കൂളിന്റെ നടപടി കോടതിയലക്ഷ്യമാകുന്നു. ഹൈക്കോടതി ഉത്തരവുമായി ടിസി വാങ്ങാനെത്തിയ രക്ഷിതാവിനെയാണ് ആറ്റൂര്‍ അറഫ ഇംഗ്ലീഷ് സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കാതെ മടക്കി വിട്ടത്.

തന്റെ മക്കളുടെ ടിസി നല്‍കുന്നില്ലെന്ന് കാണിച്ച് എങ്കക്കാട് സ്വദേശിനി സി കെ ഷീന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് പി വി ആശ ഹര്‍ജിക്കാര്‍ക്ക് അനുകൂല ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവുമായി ജൂലൈ 3, ബുധനാഴ്ച ഷീനയും ഭര്‍തൃസഹോദരനും, ജൂനിയര്‍ വക്കീലും ടിസി വാങ്ങാനായി സ്‌കൂളിലെത്തിയിരുന്നു. ഉത്തരവിനോടൊപ്പം പുതിയ ടിസി അപേക്ഷയും നല്‍കി.

ടിസി നല്‍കരുതെന്നാണ് മാനേജ്‌മെന്റ് നിലപാടെന്നാണ് പ്രിന്‍സിപ്പാള്‍ വസന്ത മാധവന്‍ ഇവരോട് വ്യക്തമാക്കിയത്. ടിസി നല്‍കാന്‍ സാധ്യമല്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പാള്‍ വഴങ്ങിയില്ല. ഇതേ സ്‌കൂളില്‍ 4 വര്‍ഷത്തോളം ഷീന ജോലി ചെയ്തിട്ടുണ്ട്. മെയ് 18നാണ് ടിസിക്കുള്ള അപേക്ഷ ഷീന നല്‍കിയത്. എത്രയൊക്കെ തടസ്സമുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ ടിസി അനുവദനീയമാണ്.

മൂത്ത മകളുടെ എന്‍ട്രന്‍സ് പഠനത്തോടനുബന്ധിച്ച് തൃശൂരിലേക്ക് താമസം മാറ്റേണ്ടി വന്ന ഘട്ടത്തിലാണ് മറ്റ് രണ്ട് മക്കളുടെയും ടിസി വാങ്ങാനുള്ള സാഹചര്യം ഉടലെടുത്തത്. ഷീനയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം സിബിഎസ്ഇയെയും കക്ഷിചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞമാസം 20നാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജൂലൈ 1ന് അനുകൂല ഉത്തരവ് സമ്പാദിക്കാനുമായി. പ്രിന്‍സിപ്പാളിനെതിരെ കോടതിയലക്ഷ്യം ഫയല്‍ചെയ്യുമെന്ന് പരാതിക്കാരി പറഞ്ഞു.

സിബിഎസ്ഇ ആയതുകൊണ്ട് പത്താം ക്ലാസ്സിലേക്ക് വിജയിച്ച കുട്ടിയുടെ പ്രീ രജസ്ട്രേഷന്‍ ഫോമും 9ാം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്തതും ടിസിയോടൊപ്പം ഷീനയ്ക്ക് ആവശ്യമുണ്ട്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) തടഞ്ഞുവെയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയത്. അറഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റേതാണ് ആരോപണ വിധേയമായ സ്‌കൂള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News