നികുതി വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് കടുത്ത നടപടികളുമായി സംസ്ഥാന നികുതി വകുപ്പ്. ഇതിന്റെ ഭാഗമായി സ്വീകരിക്കേണ്ട കര്‍മ്മപരിപാടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശില്‍പ്പശാല രൂപം നല്‍കി.

30 ശതമാനം നികുതി വര്‍ധനവ് കൈവരിക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയാണ് നികുതി വരുമാന വര്‍ധനവിനുള്ള നടപടികള്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കിയത്.

ഓഗസ്റ്റില്‍ ലഭിക്കാന്‍ പോകുന്ന വാര്‍ഷിക റിട്ടേണ്‍ സ്‌ക്രൂട്ടിനി ഫലപ്രദമായി നടത്തി ചോര്‍ന്ന നികുതിയില്‍ നല്ലൊരു ഭാഗം തിരിച്ചു പിടിക്കുക. മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ സഫറുള്ളയാണ് ഇതിനുള്ള ഡാറ്റാ അനലിറ്റിക്‌സിന് നേതൃത്വം നല്‍കുക.

എന്‍ഫോഴ്‌സമെന്റ് വിംങ് ശക്തിപ്പെടുത്തും. കൃത്യമായ തയ്യാറെടുപ്പുകളുടെ അടിസ്ഥാനത്തില്‍ നികുതി വെട്ടിപ്പുണ്ടെന്ന് കരുതുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.

അഡീഷണല്‍ കമ്മീഷണര്‍ ഷൈനമോളാണ് ഇതിന് നേതൃത്വം നല്‍കുക. ഇ- വേ ബില്‍ പരിശോധിക്കാന്‍ അതിര്‍ത്തി മേഖലയില്‍ നൂറില്‍പ്പരം സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.

മൂന്നുമാസത്തിനുള്ളില്‍ ഓട്ടോമാറ്റിക് നമ്പര്‍ റീഡര്‍ സംവിധാനവും നിലവില്‍ വരും. അസസ്‌മെന്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാനാണ് തീരുമാനം.

കുടിശിക പിരിക്കാന്‍ കര്‍ശന റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാനും നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശില്‍പ്പശാലയില്‍ ധാരണയായതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

30 ശതമാനം നികുതി വരുമാന വര്‍ദ്ധനവ് കൈവരിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ഇതില്‍ നിന്നെല്ലാം രക്ഷനേടാനുള്ള മാര്‍ഗ്ഗം ആംനെസ്റ്റി പദ്ധതിയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

പെനാല്‍റ്റികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. പലിശയും പിഴപ്പലിശയും ഒഴിവാക്കി നികുതിയടച്ച് നടപടികള്‍ ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.