ബംഗളൂരു : കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-‐ജെഡിഎസ് വിമത എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല.

വിമത എംഎല്‍എമാരെ നേരിട്ട് കാണുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ബംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് തിരിച്ചു.

എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. നിലവില്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിമതരുള്ളത്.

എന്നാല്‍ ഡി കെ ശിവകുമാര്‍ എത്തുന്നതറിഞ്ഞ് വിമതര്‍ ഗോവയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ സോഫിറ്റെല്‍ ഹോട്ടലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഹോട്ടലിന് മുന്നില്‍ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.

അതേ സമയം പാര്‍ട്ടി നിര്‍ദേശങ്ങള്‍ അംഗീരിച്ചില്ലെങ്കില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനാണ് നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ വിളിച്ചു. ഇതില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് മുന്നറിയിപ്പ്.

അയോഗ്യരാക്കിയാല്‍ പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാകും. വിമതരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ ബിജെപിയുടെ നിയമസഭാ കക്ഷി യോഗവും ബെംഗളുരവില്‍ നടന്ന് വരികയാണ്. ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

യുക്തമായ തീരുമാനം യോഗത്തിലെടുക്കും. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാളെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെയുള്ള കര്‍ണാടക മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസാണ് ആദ്യം തങ്ങളുടെ 21 മന്ത്രിമാരെ രാജിവെപ്പിച്ചത്.

പിന്നാലെ ജെഡിഎസ് മന്ത്രിമാരും രാജിവെക്കുകയായിരുന്നു. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചു.

വിമത എംഎല്‍എമാരുടെ മനസ്സ് മാറ്റിയെടുക്കുന്നതിനുള്ള നീക്കമാണിതെന്നാണ് സൂചന. എന്നാല്‍ മന്ത്രിമാരെല്ലാം രാജിവെച്ചിട്ടും വിമതര്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്നുണ്ട്.

ഇതിനിടെ നേരത്തെ രാജി സമര്‍പ്പിച്ച വിമത എംഎല്‍എ സൗമ്യ റെഡ്ഡി നാളെ ബെംഗളൂരുവില്‍ നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സൗമ്യ റെഡ്ഡിയുടെ പിതാവും എംഎല്‍എയുമാ രാംലിംഗ റെഡ്ഡിയും രാജി സമര്‍പ്പിച്ചിരുന്നു.