അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് സമരം; വിദ്യാർഥികളുടെ ഹോസ്റ്റൽ അടച്ചുപൂട്ടി കുഫോസ് വൈസ് ചാൻസലറുടെ പ്രതികാരം

അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് സമരം ചെയ്തതിന് വിദ്യാർഥികളുടെ ഹോസ്റ്റൽ അടച്ചുപൂട്ടി കുഫോസ് വൈസ് ചാൻസലറുടെ പ്രതികാരം. മുന്നറിയിപ്പില്ലാതെ ഹോസ്റ്റൽ അടച്ചതോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിദ്യാർഥികൾ പെരുവഴിയിലായി. കുടിവെള്ളം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസം പിന്നിടുമ്പോഴാണ് വൈസ് ചാൻസലറുടെ പ്രതികാരനടപടി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ഉൾപ്പെടെയുള്ള വിദ്യാർഥികളാണ് കുഫോസിൽ ഉള്ളത്. മുന്നറിയിപ്പില്ലാതെ വൈസ് ചാൻസിലർ യൂണിവേഴ്സിറ്റിക്ക് അവധി നൽകി ഹോസ്റ്റൽ അടച്ചുപൂട്ടിയതോടെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ബാഗുമെടുത്ത് സമരപ്പന്തലിലെത്തി.

കുഫോസിലെ ശുചിമുറികളും കുടിവെള്ളവും ഉപയോഗശൂന്യമായി മാറിയെന്ന് വിദ്യാർഥികൾ പറയുന്നു. പഠിക്കാൻ ആവശ്യമായ സ്മാർട്ട് ക്ലാസ് മുറികളും കുഫോസിൽ പ്രവർത്തനസജ്ജം അല്ല . ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ ഇരുപത്തിയേഴിന് എസ്എഫ്ഐ സമർപ്പിച്ച അവകാശപത്രിക പരിശോധിക്കാൻ പോലും വൈസ് ചാൻസിലർ തയ്യാറായില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

മതിയായ അധ്യാപകരില്ലാത്തതും അമിതമായ ഫീസ് വിദ്യാർഥികളിൽനിന്ന് വാങ്ങുന്നതും ഉൾപ്പെടെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ അനിശ്ചിതകാല സമരം ആരംഭിച്ചത്. കൂടുതൽ വിദ്യാർഥികൾ ഈ സമരത്തിന് പിന്തുണയുമായി എത്തിയതാണ് വൈസ് ചാൻസിലറെ പ്രകോപിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here