തൊഴിൽ നഷ്ടപെട്ടു; അടഞ്ഞുകിടന്ന ഫാക്ടറിക്കുള്ളിൽ ജീവനക്കാരി ജീവനൊടുക്കി

തൊഴിൽ നഷ്ടപെട്ടതിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന ഫാക്ടറിക്കുള്ളിൽ ജീവനക്കാരി ജീവനൊടുക്കി.നെടുമങ്ങാട് സ്വദേശി ചുള്ളിമാനൂർ നിഖില നിവാസിൽ കവിത (35)യാണ് മരിച്ചത്.

അടഞ്ഞുകിടക്കുന്ന കറി പൗഡർ നിർമ്മാണ ഫാക്ടറിക്കുള്ളിലാണ് മുൻ ജീവനക്കാരിയായ കവിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും വർഷമായി അടച്ചിട്ടിരുന്ന അയിലറ പൊന്നൂസ് കറി പൗഡർ നിർമ്മാണ ഫാക്ടറിയ്ക്കുളളിലാണ് തൂങ്ങി മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചുളളിമാനൂരിലുള്ള പിതാവിനെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന വിവരം കവിത അറിയിച്ചിരുന്നു.ഉടൻ തന്നെ ഫാക്ടറിയിലെത്തിയ പിതാവും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കവിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഫാക്ടറിയുടെ പിൻഭാഗത്തു കൂടിയാണ് അകത്ത് പ്രവേശിച്ചതെന്ന് കരുതുന്നു.

മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏരൂർ എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here