ഡോ. ഉമാദത്തന്‍ അനുസ്മരണം; നീറുന്ന മനസുകളുടെ ഇടറുന്ന സംവേദനം

ഇടറിയ സ്വരവും നീറുന്ന മനസുമായി ഡോ ഉമാദത്തന്‍ എന്ന ഉത്തമ അധ്യാപകന്‍റെ ഓര്‍മ്മയ്ക്കുമുന്നില്‍ അവര്‍ ഒത്തുകൂടി. ഫോറന്‍സിക് മെഡിസിനില്‍ അദ്ദേഹത്തുണ്ടായിരുന്ന പാണ്ഡിത്യം എന്നും അവര്‍ക്കൊരു തണലായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ ഓര്‍മ്മിച്ചു.

ഫോറന്‍സിക് മെഡിസിനിലെ ജ്വലിക്കുന്ന ഇതിഹാസമെന്ന വിശേഷണത്തോടെയാണ് ഡോ ഉമാദത്തനെ മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ ജോണ്‍പണിക്കര്‍ അനുസ്മരിച്ചത്. ഒരു പൊലീസ് സര്‍ജന്‍ എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ അറിവ് എടുത്തുപറയേണ്ടതാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹമെന്ന് ഡോ ജോണ്‍പണിക്കര്‍ വ്യക്തമാക്കി. തന്‍റെ സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ തന്നെ കണ്ടുപരിചയമുള്ള ഡോ ഉമാദത്തന്‍ പില്‍ക്കാലത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായപ്പോള്‍ അദ്ദേഹത്തിനു കീഴില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചത് ഓര്‍മ്മിച്ചുകൊണ്ടാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ്മാത്യു സംസാരിച്ചുതുടങ്ങിയത്.

വളരെ ശക്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് ഏവരും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു ഫോറന്‍സിക് വിദഗ്ധനെ സംബന്ധിച്ചിടത്തോളം ധൈര്യം വലിയ അളവില്‍ തന്നെയുണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരിക്കെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഡോ തോമസ് മാത്യു പറഞ്ഞു. ഡോ ഉമാദത്തന്‍റെ ഔദ്യോഗികജീവിതത്തിന്‍റെ ആരംഭഘട്ടം മുതല്‍ ഡോ ഉമാദത്തന്‍ എന്ന അധ്യാപകനോടുള്ള ഭയഭക്തിബഹുമാനം ഒന്നിനൊന്ന് വര്‍ധിച്ചിട്ടേയുള്ളൂവെന്ന് നിലവിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ കെ ശശികല പറഞ്ഞു.

അദ്ദേഹം മാത്രമല്ല, കുടുംബാംഗങ്ങള്‍ ഒന്നടങ്കം തന്‍റെ ഉയര്‍ച്ചയ്ക്ക് പിന്നിലുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഃഖമുണ്ടെങ്കിലും ഔന്നത്യത്തിന്‍റെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുമ്പോഴുള്ള സാറിന്‍റെ വിടവാങ്ങല്‍ ഭാഗ്യമാണെന്ന് ഡോ ശശികല പറഞ്ഞു. ഒരിക്കല്‍ പോലും അദ്ദേഹത്തിന്‍റെ ക്ലാസ് ഒഴിവാക്കാന്‍ തോന്നിയിരുന്നില്ലെന്ന് എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ്കുമാര്‍ അനുസ്മരിച്ചു.

ഡോ ഉമാദത്തന്‍റെ ഫോറന്‍സിക് മെഡിസിന്‍ ക്ലാസ് ഒരു കുറ്റാന്വേഷണ നോവല്‍ വായിക്കുന്ന പ്രതീതിയോടെയാണ് വിദ്യാര്‍ത്ഥികള്‍ ശ്രവിച്ചിരുന്നതെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ജി വേണുഗോപാല്‍ പറഞ്ഞു. കെ ജി എം സി ടി എ തിരുവനന്തപുരം യൂണിറ്റ് സെക്രട്ടറി മുന്‍ ആര്‍ ഐ ഒ ഡയറക്ടര്‍ ഡോ സുശീലാപ്രഭാകരന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ നിര്‍മ്മല, അനാട്ടമി വിഭാഗം മേധാവി ഡോ കെ രേണുക, ഡോ ടി കെ കുമാരി, പത്തോളജി വിഭാഗം മേധാവി ഡോ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഡോ ഉമാദത്തന്‍ മെഡിക്കക്കല്‍ കോളേജിന് സംഭാവന ചെയ്ത തന്‍റെ 58 പുസ്തകങ്ങള്‍ അദ്ദേഹത്തിന്‍റെ മക്കളായ രാമനാഥനും വിശ്വനാഥനും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന് കൈമാറി. ഡോ ജോണ്‍ പണിക്കര്‍ സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here