പാലാരിവട്ടം മേൽപ്പാലം അഴിമതി; വിജിലൻസ് അന്വേഷണം തുടരും

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം തുടരും. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം പാലാരിവട്ടം പാലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്പി വിജി.വിനോദ് കുമാർ ഉൾപ്പെടുന്ന വിജിലൻസ് സംഘമാണ് പാലാരിവട്ടം മേൽപ്പാലത്തിലെ സാമ്പിളുകൾ ശേഖരിക്കുന്നത്.

തൃശൂർ എൻജിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും പരിശോധനയിൽ വിജിലൻസിനെ സഹായിക്കുന്നുണ്ട്. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുവേണ്ടിയാണ് വിജിലൻസ് പാലത്തിൽ നിന്നും വീണ്ടും സാമ്പിളുകൾ ശേഖരിക്കുന്നത്.

വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പാലത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ കോടതി മുഖാന്തരം ആയിരിക്കും പരിശോധനയ്ക്കായി അയക്കുന്നത്. ഇതിൻറെ റിപ്പോർട്ട് ലഭിക്കാൻ ചുരുങ്ങിയത് 20 ദിവസം സമയമെടുക്കും. ഈ റിപ്പോർട്ട് ലഭിച്ചശേഷം ഓണം അഴിമതിയിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും വിജിലൻസ് ഐജി എച്ച്. വെങ്കിടേഷ് പറഞ്ഞു.

പാലം നിർമ്മിച്ച കോൺട്രാക്ടർ ഉൾപ്പെടെ 17 പേരെ പ്രതി ചേർത്താണ് വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. അതേസമയം പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ അഴിമതിക്ക് നേതൃത്വം നൽകിയ ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു എൽഡിഎഫ് സംഘടിപ്പിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം പതിനാലാം ദിവസത്തിലേക്ക് കടന്നു.

ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെ അഴിമതിക്ക് കൂട്ടു നിന്ന അവരുടെ സ്വത്തും കണ്ടു കെട്ടണം എന്നും എന്നും എൽഡിഎഫ് ആവശ്യപ്പെടുന്നുണ്ട്. സത്യാഗ്രഹത്തിന് പിന്തുണയുമായി ജില്ലയിലെ എൽഡിഎഫ് കൗൺസിലർമാരാണ് ഇന്ന് സമരപ്പന്തലിൽ എത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here