ടെക് ലോകത്തില്‍ പുത്തന്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ ജിയോ ബ്രോഡ്ബാന്‍ഡ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജിയോ. 1600 നഗരങ്ങളിലായാണ് ജിയോ ഫൈബര്‍ ടു ദി ഹോം (എഫ്ടിടിഎച്ച്) ഒരുക്കുന്നത്.

ആദ്യ മൂന്നു വര്‍ഷത്തിനുളളില്‍ 7.5 കോടി വരിക്കാരെയാണ് ജിയോ ലക്ഷ്യമിടുന്നത്. 100 എംബിപിഎസ്, 50 എംബിപിഎസ് കണക്ഷനുകളാണ് ജിയോ ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ജിയോ ഗിഗാഫൈബര്‍ തുടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഈ മാസം നടക്കുന്ന പൊതുയോഗത്തില്‍ റിലയന്‍സ് ഗിഗാ ഫൈബറിന്റെ വാണിജ്യ സേവനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

100 എംബിപിഎസിന് 4500 രൂപ, 50 എംബിപിഎസിന് 2500 രൂപ എന്ന നിരക്കിലാകും ഫീസ് ഈടാക്കുക. അതേസമയം വാണിജ്യ നിരക്കുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്നും ഒരു വര്‍ഷം ഫ്രീയായി സേവനം നല്‍കിയതിനു ശേഷമായിരിക്കും ഭാവി കാര്യങ്ങള്‍ വെളിപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ബുക്ക് ചെയ്തവര്‍ക്കെല്ലാം ഒരു വര്‍ഷത്തേക്ക് ജിയോ ഗിഗാഫൈബര്‍ സൗജന്യമായി നല്‍കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്. 50 എംബിപിഎസ് വരെ വേഗമുള്ള സിംഗിള്‍-ബാന്‍ഡ് വൈ-ഫൈ റൂട്ടര്‍ ആണ് ഈ പ്ലാനില്‍ ഓഫര്‍ ചെയ്യുന്നത്. പ്രതിമാസം 1100 ജിബി ഡേറ്റ വരെ ഈ പ്ലാനില്‍ ഉപയോഗിക്കാം.