ബംഗളൂരു: വിമത എംഎല്‍എമാരുടെ രാജിക്കത്തുകള്‍ സ്വീകരിക്കാന്‍ ആകില്ലെന്ന് സ്പീക്കര്‍. എംഎല്‍എ മാര്‍ നേരിട്ട് എത്തി രാജി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.

അതേസമയം, കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം പുരോഗമിക്കുകയാണ്. 57 എംഎല്‍എമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിപ്പ് എംഎല്‍എമാരുടെ വീടുകളില്‍ ഇന്നലെ വൈകിട്ട് എത്തിച്ചിരുന്നു. വിപ്പ് ലംഘിച്ചാല്‍ വിമതരെ അയോഗ്യരാക്കുകയാണ് ലക്ഷ്യം. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് കര്‍ണാടകത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ വീഴില്ലെന്നും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും പറഞ്ഞു.

അതേസമയം, വിമതരുടെ രാജിയില്‍ സ്പീക്കര്‍ രമേഷ്‌കുമാര്‍ ഇന്ന് തീരുമാനമെടുക്കും. എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് സ്പീക്കറുടെ സെക്രട്ടറിയാണ് ഏറ്റുവാങ്ങിയത്. വിമതര്‍ കൂറുമാറിയതായി പ്രഖ്യാപിച്ചാല്‍ ആറുവര്‍ഷത്തേക്ക് മത്സരിക്കാന്‍ കഴിയില്ല.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനവും നിര്‍ണായകമാകും. ഗവര്‍ണര്‍ വാജുഭായി വാലയെ സന്ദര്‍ശിച്ച് സ്പീക്കര്‍ക്ക് രാജികത്ത് നല്‍കിയ കാര്യം എംഎല്‍എമാര്‍ അറിയിച്ചിരുന്നു. കുമാര സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ബിജെപിയും ഗവര്‍ണറെ അറിയിച്ചു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാതെ മന്ത്രിസഭാവികസനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുമുണ്ട്.

പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ 12ന് ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റിവെക്കാനും സാധ്യതയുണ്ട്.