നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എഎസ്‌ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. രാജ് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ രണ്ട്, മൂന്ന് പ്രതികളാണ് ഇവര്‍. ഇരുവരെയും ദേവികുളം സബ് ജയിലിലേക്ക് മാറ്റി. അതിനിടെ, ഒന്നാം പ്രതി എസ്‌ഐ കെ എ സാബുവിനെ കോടതി കസ്റ്റഡിയില്‍ വിട്ടു.

ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയത്. കെ എ സാബുവിനെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ഇന്നും നാളെയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കും. കേസില്‍ കൂടുതല്‍ പോലീസുകാരെ പ്രതിചേര്‍ക്കും.

കസ്റ്റഡി മരണത്തിനൊപ്പം ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ രാജ്കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനി, മഞ്ചു എന്നിവരില്‍ നിന്ന് അന്വേഷണ സംഘം വീണ്ടും മൊഴി എടുക്കും.