ജയിലിനുള്ളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; സര്‍ക്കാരില്‍ നിന്ന് ഒരു ദയയും പ്രതീക്ഷിക്കേണ്ട

ജയിലിനകത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍ നിന്ന് ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും പിണറായി വിജയന്‍ പാലക്കാട് പറഞ്ഞു. മലമ്പുഴയിലെ പുതിയ ജില്ലാ ജയിലും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ബ്ലോക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ജയിലുകളില്‍ നൂതനപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് ആധുനിക സംവിധാനങ്ങളുമായി മലന്പുഴയില്‍ ജില്ലാ ജയില്‍ ആരംഭിച്ചിരിക്കുന്നത്. പാലക്കാട് കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ജയില്‍ ഇനി മലന്പുഴയിലേക്ക് മാറും.

സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ് ജന്റര്‍ ജയിലാണ് മലന്പുഴയിലേത്. ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണെന്നും അതിനനുസരിച്ച് തടവുകാര്‍ക്ക് മാതൃകയാകുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആകെ 320 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ജയിലില്‍ 45 വനിതാ തടവുകാര്‍ക്കും 6 ട്രാന്‍സ് ജെന്‍ഡര്‍ തടവുകാര്‍ക്കുമുള്ള സൗകര്യങ്ങളുണ്ട്.

രാജ്യത്തെ ആദ്യത്തെ പട്ടികജാതി-പട്ടികവകുപ്പ് മെഡിക്കല്‍ കോളേജായ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകരം ലഭിച്ചതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. മന്ത്രിമാരായാ കെകെ ശൈലജ ടീച്ചര്‍ എകെ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here