കുഫോസില്‍ വിതരണം ചെയ്യുന്നത് മലിന ജലം: എസ്എഫ്‌ഐയുടെ പരാതിയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

കുഫോസില്‍ മലിനമായ കുടിവെള്ളം വിതരണം ചെയ്യുന്നു എന്ന എസ്എഫ്‌ഐയുടെ പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ യൂണിവേഴ്‌സിറ്റിയില്‍ പരിശോധന നടത്തി.

മലിനജലം കണ്ടെത്തിയ കുടിവെള്ള സ്രോതസ്സ് അടച്ചുപൂട്ടാനും ബദല്‍ മാര്‍ഗം ഒരുക്കാനും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.

ശുചിമുറികളും കുടിവെള്ള സ്രോതസ്സും ഉപയോഗയോഗ്യമാക്കി മാറ്റണമെന്നും മതിയായ അദ്ധ്യാപകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്‌ഐ നടത്തുന്ന സമരം നാല് ദിവസം പിന്നിട്ടു.

അഴുക്ക് നിറഞ്ഞ വെള്ളമാണ് കുഫോസില്‍ വിദ്യാര്‍ത്ഥികള്‍ കുടിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗയോഗ്യമാക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടു എസ്എഫ്‌ഐ നടത്തുന്ന അനിശ്ചിതകാല സമരത്തിലൂടെയാണ് കുഫോസിലെ ഈ ദയനീയ സ്ഥിതി പുറത്തുവന്നത്.

സംഭവമറിഞ്ഞ് എറണാകുളം തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ പി ബി ദിലീപ്, എസ് അജി എന്നിവര്‍ കുഫോസില്‍ എത്തി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.

ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ ഉപയോഗശൂന്യമായി കണ്ടെത്തിയ കുടിവെള്ള സ്രോതസ്സ് അടച്ചുപൂട്ടാനും പകരം സംവിധാനം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കാനും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് ഇവര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം അടിസ്ഥാനാവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഹോസ്റ്റല്‍ അടച്ചുപൂട്ടിയതോടെ എസ്എഫ്‌ഐ ഒരുക്കിയ താല്‍ക്കാലിക ഹോസ്റ്റലിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News