നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതിയാകുമെന്നാണ് സൂചന. രാജ്കുമാറിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വൈകാതെ ആരംഭിക്കും.

രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ഇതുവരെ അറസ്റ്റിലായത്. എസ് ഐ സാബു, എഎസ്‌ഐ റെജിമോന്‍, സിപിഒ മാരായ സജീവ് ആന്റണി, നിയാസ് എന്നിവര്‍. ഇവരില്‍ കസ്റ്റഡിയില്‍ വാങ്ങിയ എസ്‌ഐയെ ഉപയോഗിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. ഇന്ന് വൈകിട്ട് പീടുമേട് കോടതിയില്‍ ഹാജരാക്കന്നതിന് മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കും.

റെജിമോന്‍, നിയാസ് എന്നിവരുടെ പ്രാഥമിക തെളിവെടുപ്പ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. നാല് പേര്‍ക്കും രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന്് ക്രൈം ബ്രാഞ്ച് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. കസ്റ്റഡി മരണത്തിനൊപ്പം ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പ് കേസിലും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളായ ശാലിനി, മഞ്ചു എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മലപ്പുറം സ്വദേശിയായ നാസര്‍, പൊലീസുകാരനായ ഷുക്കൂര്‍ എന്നിവരെ വരും ദിവസങ്ങളില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി സര്‍ക്കാരിനും ഡിജിപിക്കും കൈമാറും.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം വൈകാതെ ആരംഭിക്കും. മന്ത്രിസഭായോഗത്തില്‍ പരിഗണനാ വിഷയങ്ങള്‍ തീരുമാനമാകുന്നതോടെയായിരിക്കും അന്വേഷണത്തിന് തുടക്കമാകുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here