ഇന്ത്യ അമേരിക്ക ബന്ധത്തില്‍ കല്ലുകടി; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് അമേരിക്ക

ഇന്ത്യന്‍ അമേരിക്ക വ്യാപാരബന്ധത്തില്‍ കല്ലുകടി തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇപ്പോള്‍ ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ ഉല്‍പന്നങ്ങളിന്മേല്‍ ഇന്ത്യ അധിക തീരുവ ചുമത്തുന്നതിനെതിരെയാണ് ട്രംപ് ശക്തമായി പ്രതികരിച്ചത്.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏറെക്കാലമായി അധിക തീരുവ ചുമത്തിവരികയാണെന്നും ഇത് ഇനി സ്വീകാര്യമല്ലെന്നും ട്രംപ് ട്വിറ്ററില്‍ പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തര്‍ക്കങ്ങള്‍ മന്ത്രിതല ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ജി20 ഉച്ചകോടിയില്‍ രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് വാണിജ്യകാര്യ സെക്രട്ടറിയും ഊര്‍ജ കാര്യ സെക്രട്ടറിയും ഉള്‍പ്പെട്ട യോഗം ഈയാഴ്ച നടക്കാനിരിക്കെയാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മുന്‍പും ട്രംപിന്റെ ഭാഗത്തുനിന്ന് ഇന്ത്യക്കെതിരെ ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് ഇന്ത്യയെ ‘നികുതി രാജാവെ’ന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു.

ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു മേലുള്ള ആനുകൂല്യങ്ങള്‍ അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണം ഇന്ത്യ അമേരിക്കയില്‍ നിന്നുള്ള 28 ഉത്പന്നങ്ങളുടെ നികുതി ഉയര്‍ത്തിയിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചതിനു പിന്നാലെയാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News