കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറും, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും നേരിട്ടെത്തി. എംഎല്‍എമാര്‍ തങ്ങുന്ന മുംബൈയിലെ ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാറിനെതിരെ ‘ഗോ ബാക്’ വിളികളുമായി ബിജെപി പ്രവര്‍ത്തകരെത്തി. ഹോട്ടലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ശിവകുമാറിനെ പൊലീസി ഇടപെട്ട് തടഞ്ഞു.

തന്നെ തടയാനാകില്ലെന്നും എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ താനും മുറിയെടുത്തിട്ടുണ്ടെന്നും സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ എത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം ശിവകുമാറും ശിവലിംഗ ഗൗഡയും എത്തുന്നതിനു മുന്നോടിയായി തങ്ങള്‍ക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ മുംബൈ പൊലീസിനെ സമീപിച്ചിരുന്നു.

നേതാക്കളെ കാണാന്‍ താല്‍പര്യമില്ലെന്നും ഇവരെ ഹോട്ടലില്‍ പ്രവേശിപ്പിക്കരുതെന്നും പത്ത് എംഎല്‍എമാര്‍ ചേര്‍ന്നു പൊലീസിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ഹോട്ടലിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്. മഹാരാഷ്ട്രയിലെ റിസര്‍വ് പൊലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പത്തോളം വിമത എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലിലേക്ക് താമസം മാറ്റിയത്.

കഴിഞ്ഞ ചൊവ്വാഴ്ച ഗോവയിലേക്ക് എന്നു പറഞ്ഞു മുംബൈ സോഫിടെല്‍ ഹോട്ടലില്‍ നിന്നു പുറപ്പെട്ട വിമതര്‍ യാത്ര റദ്ദാക്കി മുംബൈയിലെ തന്നെ റിനൈസന്‍സ് ഹോട്ടലിലേക്കു താ്മസം മാറുകയായിരുന്നു. അതേസമയം എങ്ങനെയും വിമതരെ കാണാന്‍ ഉള്ള ശ്രമത്തിലാണ് മന്ത്രി ഡി.കെ.ശിവകുമാര്‍.