ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ

മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സ്ഥലത്ത് തുടരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തുനീക്കാനും മുംബൈ പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

ബുധനാഴ്ച രാവിലെയാണ് ശിവകുമാറും ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും മുംബൈയില്‍ എത്തിയത്. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ അവസാനവട്ട നീക്കവുമായാണ് ഇരുവരും മുംബൈയിലെത്തിയത്.

എന്നാല്‍ നേതാക്കളെ ഹോട്ടലിലേക്ക് കടത്തിവിടാന്‍ മുംബൈ പൊലീസ് തയാറായില്ല.

തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്നും ശിവകുമാറിനെ ഹോട്ടലിലേക്ക് അനുവദിക്കരുതെന്നും വിമത എംഎല്‍എമാര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിമതര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ശിവകുമാറിനെയും ഗൗഡയെയും പ്രവേശിപ്പിക്കാത്തതെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പൊലീസിനെയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്.

അതേസമയം, എംഎല്‍എമാരെ ബിജെപി പൂട്ടിയിട്ടിരിക്കുകയാണെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ആര്‍ക്കും തടയാനാകില്ലെന്നും എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ താനും മുറിയെടുത്തിട്ടുണ്ടെന്നും സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ എത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു. വിമതരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍ ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News