കര്‍ണ്ണാടകയിലെ പ്രതിസന്ധി; മൂന്നാം ദിവസവും പാര്‍ലമെന്റ് പ്രഷുബ്ദം

കര്‍ണ്ണാടകയിലെ പ്രതിസന്ധിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് വട്ടം നിറുത്തി വച്ചു.

കര്‍ണ്ണാടക വിഷയത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പാര്‍ലമെന്റ് പ്രഷുബ്ദ്ധമാകുന്നത്. ജനാധിപത്യ ലംഘനമാണ് ബിജെപി നടത്തുന്നതെന്നും അത് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രാജീവ് ഗൗഡയും രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.എന്നാല്‍ ചെയറിലുണ്ടായിരുന്ന അദ്ധ്യക്ഷന്‍ വെങ്കയ നായിഡു അനുമതി നല്‍കിയില്ല.

പ്രതിഷേധവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത് ഇറങ്ങിയതോടെ രാജ്യസഭ രണ്ട് വട്ടം നിറുത്തി വച്ചു. ഇത് തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യസഭ കര്‍ണ്ണാടക വിഷയത്തില്‍ നിറുത്തി വയ്ക്കുന്നത്.ലോക്സഭയുടെ ശൂന്യവേളയില്‍ കോണ്‍ഗ്രസ് നേതാവ് അദിര്‍ രജ്ഞന്‍ ചൗധരി വിഷയമുന്നയിച്ചു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ മുബൈ പോലീസ് തടഞ്ഞ് വച്ചിരിക്കുകയാണന്ന് ചൗധരി ആരോപിച്ചു.

ബുക്ക് ചെയ്ത ഹോട്ടലില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അദേഹം പറഞ്ഞു.ഹോട്ടലില്‍ ഉള്ള എം.എല്‍.എമാരുടെ പരാതി പ്രകാരമാണ് പോലീസ് നടപടിയെന്ന് മറുപടി പറഞ്ഞ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. ഇതോടെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും സഭ നടപടികളുമായി സ്പീക്കര്‍ മുന്നോട്ട് പോയി.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News