കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനായി ലോക വ്യാപക തിരച്ചില്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്റര്‍പോള്‍ യെലോ നോട്ടിസ് പുറപ്പെടുവിച്ചു. കേരള പൊലീസിന്റെ ആവശ്യപ്രകാരമാണു നോട്ടിസ് പുറത്തിറക്കിയത്. മാര്‍ച്ച് ഏഴിനു തലസ്ഥാനത്ത് എത്തിയ ലിസയെ കുറിച്ച് മൂന്നര മാസമായിട്ടും വിവരമില്ലാതായതോടെ മാതാവാണു പരാതിയുമായി രംഗത്ത് എത്തിയത്.

ജര്‍മന്‍ കോണ്‍സുലേറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നു കേസെടുത്ത സംസ്ഥാന പൊലീസ് ഇവര്‍ക്കായി രാജ്യാന്തര തലത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. ഇതിനിടയില്‍ ഇവര്‍ റോഡ് മാര്‍ഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിസയുടെ മാതാവ് ഉള്‍പ്പെടെയുള്ളവരുമായി ജര്‍മന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ട്.