പ്രളയത്തിന് ശേഷം പ്രഖ്യാപിച്ച കാര്‍ഷിക വായ്പ്പയുടെ ഔദ്യോഗികമായ കാലാവധി നീട്ടികിട്ടണമെന്ന ആവശ്യമുന്നയിച്ച് കൃഷിമന്ത്രി സുനില്‍കുമാര്‍ മുംബൈയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ കണ്ടു നിവേദനം സമര്‍പ്പിച്ചു.

വായ്പയുടെ കാലാവധി വര്‍ധിപ്പിക്കുന്ന കാര്യവും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വാഷി കേരളാ ഹൌസില്‍ വച്ച് സംസാരിക്കവെയാണ് മന്ത്രി സുനില്‍കുമാര്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചത്.

കാര്‍ഷിക വായ്പ ദുരുപയോഗം ചെയ്യുന്ന പ്രവണതക്ക് അറുതി വരുത്താനും കൂടിക്കാഴ്ച നിമിത്തമാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. കാര്‍ഷികാവശ്യങ്ങള്‍ക്കായി സംസ്ഥാനത്ത് 76 ലക്ഷം അക്കൗണ്ടുകളിലൂടെ ഏകദേശം 80000 കോടി രൂപയാണ് കാര്‍ഷിക ലോണായി നല്‍കുന്നത്.

ഇതില്‍ 17 ലക്ഷം പേര്‍ക്ക് മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ ആയാണ് നല്‍കി വരുന്നത്. ഇത്തരം വായ്പകളുടെ പലിശ ഇളവ് നേടി കൊണ്ട് അര്‍ഹതപ്പെടാത്തവര്‍ കാലങ്ങളായി ദുരുപയോഗം ചെയ്തു വരുന്നതിന് തടയിടാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തയ്യാറാക്കിയ നിവേദനം സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുവാനായിരുന്നു മന്ത്രി മുംബൈയിലെത്തിയത്.