ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനിക്ക് മുഖ്യപങ്ക്; ഇടപാടുകള്‍ നടത്തിയത് രാജ്കുമാറിനൊപ്പം

നെടുങ്കണ്ടം-തൂക്കുപാലത്തെ ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനിക്ക് മുഖ്യപങ്ക് . രാജ്കുമാറിനൊപ്പം കുമളിയില്‍ താമസിച്ചാണ് ഇടപാട് നടത്തിയത്. ഇവര്‍ പലതവണ കുമളിയിലെത്തിയതിന്റെ തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചു.

സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് രാജ്കുമാര്‍ മാത്രമാണെന്ന ശാലിനിയുടെ വാദം പൊളിയുകയാണ്. പണമിടപാട് നടത്തിയത് രാജ്കുമാറും സ്ഥാപനത്തിന്റെ എംഡിയെന്ന് പരിചയപ്പെടുത്തിയ ശാലിനിയും ഒന്നിച്ചാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്.
ഇരുവരും കഴിഞ്ഞ ഏപ്രില്‍ 19 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ അഞ്ച് തവണ കുമളിയിലെത്തി പണമിടപാടുകള്‍ നടത്തിയതായാണ് വിവരം.

ദമ്പതികളെന്ന് പറഞ്ഞ് ലോഡ്ജില്‍ മുറിയെടുത്തായിരുന്നു താമസം. അഞ്ചില്‍ നാല് തവണയും ശാലിനിയുടെ പേരിലാണ് മുറിയെടുത്തത്. ഒരു തവണ രാജ്കുമാറിന്റെ പേരിലും. ഇവര്‍ തമിഴ്നാട്ടിലേക്ക് പോയിരുന്നതായും വിവരമുണ്ട്. കുമളിയിലെത്തിയാണ് പണം കൈമാറ്റം ചെയ്യാറുണ്ടായിരുന്നതെന്ന് കൂട്ടുപ്രതി മഞ്ചു ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

ഇപത്തയ്യായിരം മുതല്‍ തൊണ്ണൂറ്റിയയ്യായിരം രൂപ വരെയാണ് കുമളിയിലെത്തിക്കാറുണ്ടായിരുന്നതെന്നും മൊഴിയിലുട്ടുണ്ട്. വിദ്യാഭ്യാസം കുറവായ രാജ്കുമാറിന് വന്‍ തുക കൈകാര്യം ചെയ്യാനാകില്ലെന്നും ഉന്നതര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും രാജ്കുമാറിന്റെ ഭാര്യ വിജയ പ്രതികരിച്ചിരുന്നു.

ശാലിനിയുടെയും മഞ്ചുവിന്റെയും മൊഴികളില്‍ മലപ്പുറം സ്വദേശി നാസര്‍, പൊലീസുകാരനായ ഷുക്കൂര്‍, അഡ്വ.രാജു എന്നിവരെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. ഇവരിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ല. തട്ടിപ്പ് പുറത്ത് വരാതിരിക്കാനാണ് രാജ്കുമാറിനെ ഇല്ലാതാക്കിയതെന്ന ആരോ പണവുമുണ്ട്. ശാലനിയെയും മഞ്ചുവിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്താല്‍ തട്ടിപ്പിലെ കണ്ണികളെ കണ്ടെത്താനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here