ചോദ്യപേപ്പര്‍ നിര്‍മാണം അധ്യാപകരില്‍ കലാപ്രവര്‍ത്തനമായി മാറണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്താകെ നടത്തപ്പെടുന്ന പരീക്ഷകളെല്ലാംതന്നെ കുട്ടികളിലെ പഠനനിലവാരം അളക്കുക എന്ന ലക്ഷ്യം മാത്രം നിര്‍വഹിച്ചാല്‍ പോരെന്നും പഠിതാവിന്റെ സ്വതന്ത്രമായ മനസ്സില്‍ നിന്നും ക്രിയാത്മകതയിലൂടെയും സര്‍ഗശേഷിയിലൂടെയും തന്റെ പഠനാനുഭവങ്ങള്‍ ഭയരഹിതമായി പുറത്തുവരുന്ന വേദികളായി ഇന്നത്തെ പരീക്ഷാ സമ്പ്രദായം മാറേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.

സമഗ്രശിക്ഷാ, കേരളം തയാറാക്കുന്ന ചോദ്യപേപ്പര്‍ നിര്‍മാണശില്‍പ്പശാലയില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരേ ക്ലാസിലെ കുട്ടികള്‍ എല്ലാവരും വ്യത്യസ്ത സവിശേഷതകള്‍ ഉള്ളവരാണെന്നും അവരുടെ പഠനശേഷി വിലയിരുത്താന്‍ ചോദ്യപേപ്പര്‍ ഒന്നേയുള്ളൂ എന്നും അതുകൊണ്ട് തന്നെ ചോദ്യപേപ്പറുകള്‍ ഓരോ കുട്ടിയിലേയും അന്വേഷണപരതേയും, കണ്ടെത്തലുകളേയും വരച്ചുകാട്ടാനുതകുന്നവയാകണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

സമഗ്രശിക്ഷാ, കേരളം സീമാറ്റില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഇരുന്നൂറ്റിപത്തോളം അധ്യാപകരാണ് പങ്കെടുത്തത്.

കുട്ടികളിലെ അറിവ് കണ്ടെത്താനും അവയെ ഭയരഹിതമായും ആഹ്ലാദകരമായും ഉത്തരക്കടലാസിലേക്ക് പകര്‍ത്താന്‍ നിലവിലെ ചോദ്യാവലികളില്‍ നിന്ന് കാതലായ മാറ്റം ഉള്‍ക്കൊണ്ടും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടു വയ്ക്കുന്ന ആശയാടിസ്ഥാനത്തിലും ചോദ്യപേപ്പര്‍ നിര്‍മാണത്തിനു ചുമതല വഹിക്കുന്ന അധ്യാ പകര്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഈ കാലഘട്ടത്തില്‍ തോല്‍വി എന്നവസ്ഥ ഒരാളിലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പലവിധ വിജയങ്ങളാല്‍ അവര്‍ നമുക്കിടയില്‍ സമര്‍ത്ഥരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമഗ്രശിക്ഷാ പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന്‍ ചോദ്യ പേപ്പര്‍ നിര്‍മാണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. എല്ലായ്‌പ്പോഴും ചോദ്യപേപ്പര്‍ നിര്‍മാണം അധ്യാപന മേഖലയുടെ വിഷമഘട്ടമാണെന്നും എന്നാല്‍ ഇന്നാസ്ഥിതിക്ക് വ്യത്യാസം വന്ന് ജനാധിപത്യ രീതിയില്‍ പരീക്ഷകളും മാറി തുടങ്ങിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സമഗ്രശിക്ഷാ കേരളം തയാറാക്കുന്ന ചോദ്യപേപ്പറുകളുടെ നിര്‍മാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന അധ്യാപകരില്‍ നിന്നും മികവാര്‍ന്നതും കുട്ടികള്‍ക്ക് ഏറെ സൗഹാര്‍ദ്ദപരവുമായി മാറുന്ന ചോദ്യാവലികള്‍ ലഭിക്കുമെന്ന ഉത്തമവിശ്വാസമുണ്ടെന്നും ഡയറക്ടര്‍ സൂചി
പ്പിച്ചു.

പ്രൈമറിതല ചോദ്യപേപ്പറുകളുടെ നിര്‍മാണത്തിന് ശില്പശാലയോടെ തുടക്കമായി. ഓരോ വിഷയത്തിനും മൂന്ന് സെറ്റ് വീതം ചോദ്യാവലികളാണ് തയാറാക്കുന്നത്. ചോദ്യപേപ്പറുകളുടെ നിര്‍മാണം പതിവിലും നേരത്തെയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്. സമഗ്രശിക്ഷാ, കേരളം അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി.കെ.ജോസ് അധ്യക്ഷനായി. വിദ്യാഭ്യാസവിദഗ്ധന്‍ ഡോ.സി.രാമകൃഷ്ണന്‍, കണ്‍സള്‍ട്ടന്റുമാരായ ഡോ.ടി.പി.കലാധരന്‍, ഡോ.പി.കെ.ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ അമുല്‍റോയി. ആര്‍.പി. ശില്‍പശാലയുടെ കോര്‍ഡിനേറ്ററായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel