മരണ സർട്ടിഫിക്കേറ്റിൽ യഥാർത്ഥ പേര് കൂടി ഉൾപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തയാളുടെ യഥാർത്ഥ പേര് കൂടി മരണ സർട്ടിഫിക്കേറ്റിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പുതിയ മരണസർട്ടിഫിക്കേറ്റ് ആദ്യഭാര്യക്കും മറ്റ് അവകാശികൾക്കും നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് മലപ്പുറം താനാളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആലപ്പുഴ തുമ്പോളി സ്വദേശിനി രാജി നൽകിയ പരാതിയിലാണ് നടപടി.

പരാതിക്കാരിയുടെ ഭർത്താവിന്റെ പേര് ബിയാട്രിൻ എന്നാണ്. പരാതിക്കാരിയുമായി പിണങ്ങി മലപ്പുറത്ത് താമസമാരംഭിച്ച ഭർത്താവ് വർഷങ്ങൾക്ക് ശേഷം മരിച്ചു. പരേതന്റെ മരണ സർട്ടിഫിക്കേറ്റിൽ ബിയാട്രിൻ എന്ന പേരിന് പകരം ഫൈസൽ എന്നാണ് ഉണ്ടായിരുന്നത്.

കമ്മീഷൻ മലപ്പുറം താനാളൂർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. മരിച്ചയാളുടെ പേര് ഫൈസൽ എന്നാണെന്നും അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ചതായും മരണം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഫൈസൽ എന്ന പേരാണ് ചേർത്തതെന്നും പറയുന്നു. തുടർന്ന് പരാതിക്കാരി കമ്മീഷന് മുന്നിൽ ഹാജരായി. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷമാണ് മതം മാറിയതെന്ന് അറിയിച്ചു. തനിക്ക് രണ്ടു കുട്ടികൾ ഉണ്ടെന്നും പഠന ആവശ്യങ്ങൾക്ക് ഭർത്താവിന്റെ മരണ സർട്ടിഫിക്കേറ്റ് വേണമെന്നും പരാതിക്കാരി അറിയിച്ചു.

ഭർത്താവിന്റെ മരണസർട്ടിഫിക്കേറ്റ് കിട്ടിയാൽ മാത്രമേ തനിക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളുവെന്ന പരാതികാരിയുടെ ആവശ്യം ന്യായമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News