കൊച്ചി കുമ്പളത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നാലു പേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുമ്പളം മാന്ദനാട്ട് വീട്ടിൽ വിദ്യന്റെ മകൻ അർജുന്റെ (20) മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ജൂലൈ 2 നാണ് അർജുനെ കാണാതായത്. ഇതെ തുടർന്ന് അർജുന്റെ പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ദരുടെ പരിശോധനയ്ക്കു ശേഷമേ മൃതദേഹം അർജുന്റെതാണൊ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയവരുടെ മൊഴിയിൽ നിന്നാണ് മൃതദേഹം അർജുന്റേതു തന്നെയെന്ന നിഗമനത്തിൽ എത്തിയതെന്നു പോലീസ് പറഞ്ഞു. പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്ത 4 പേരും സമപ്രായക്കാരും അർജുന്റെ കൂട്ടുകാരുമാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന മറ്റ് വിവരങ്ങൾ ഇങ്ങനെയാണ്.

കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാളുടെ സഹോദരനുമൊത്ത് അർജുൻ ബൈക്കിൽ യാത്ര ചെയ്യവെ കളമശേരിയിൽ വച്ച് ഉണ്ടായ അപകടത്തിൽ ആ യുവാവ് മരിച്ചിരുന്നു. എന്നാൽ ഇത് അപകടമല്ലെന്നും അർജുനെയും തട്ടിക്കളയുമെന്ന് മരിച്ചയാളിന്റെ സഹോദരൻ പറഞ്ഞിരുന്നതായി കൂട്ടുകാർ പറയുന്നു. അപകടത്തിനു ശേഷം മറ്റു കൂട്ടുകൾ എല്ലാം ഒഴിവാക്കിയ അർജുനുമായി അടുത്തിടെ ഇയാൾ കൂട്ടുകൂടി. സഹോദരൻ മരിച്ച ദുഃഖം മാറ്റാനെന്ന ഭാവേനയായിരുന്നു കൂട്ട്.

2ന് രാത്രി പത്തോടെ കുമ്പളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ടാണ് അർജുനെ വീട്ടിൽ നിന്ന് വിളിച്ചു വരുത്തിയത്. ഇയാൾ സൈക്കിളിലാണ് നെട്ടൂരിൽ അർജുനെ എത്തിച്ചത്. 2 പേർ മർദിക്കുമ്പോൾ മറ്റു 2 പേർ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോൾ 4 പേരും ചേർന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാൻ മുകളിൽ കോൺക്രീറ്റ് കട്ടകൾ ഇവർ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ദർ വ്യാഴാഴ്ച രാവിലെ എത്തും. നടന്ന് എത്താൻ പോലും പ്രയാസമുള്ള സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്.