വിവാഹിതയായ കാമുകിയെ കാണാൻ സാഹസിക ശ്രമം; 15 നില കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മുംബൈയിൽ അഗ്രിപാഡ നായർ ഹോസ്പിറ്റലിന് സമീപത്തുള്ള 15 നില കെട്ടിടത്തിലാണ് പുലർച്ചെ നടന്ന സംഭവം. ഈ കെട്ടിടത്തിലെ ഒമ്പതാം നിലയിൽ താമസിക്കുന്ന വിവാഹിതയായ കാമുകിയെ കാണുവാൻ ശ്രമിക്കവെയാണ് 19 കാരനായ ബീഹാറി യുവാവ് കെട്ടിടത്തിന് മുകളിലെ അരമതിലിൽ നിന്ന് തെന്നി വീണ് മരണമടഞ്ഞത്.

താമസസമുച്ചയത്തിലെ വാച്ച്മാനാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവാവിനെ വെളുപ്പിന് രണ്ടര മണിയോടെ കണ്ടെത്തുന്നത്. തുടർന്ന് പോലീസെത്തി അപകടമരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. മരണപ്പെട്ട ഷെയ്ഖ് തന്റെ അമ്മാവനോടൊപ്പമാണ് ഈ കെട്ടിടത്തിൽ താമസിക്കുന്നത്. കെട്ടിടത്തിലെ ഒമ്പതാം നിലയിൽ താമസിക്കുന്ന 24 കാരിയായ വിവാഹിതയുമായി യുവാവിന് അവിഹിതബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയുള്ള ഭർത്താവ് ജോലിക്ക് പോകുമ്പോഴാണ് യുവാവ് സാധാരണയായി യുവതിയുടെ ഫ്ലാറ്റിൽ എത്താറുണ്ടായിരുന്നത്.

എന്നാൽ ഒരിക്കൽ യുവതിയുടെ ഫ്ലാറ്റിൽ നിന്നും അസമയത്ത് ഇറങ്ങി വരുന്ന യുവാവിനെ അമ്മാവൻ കയ്യോടെ പിടിച്ചിരുന്നു. ഇതോടെ കുറെ ദിവസങ്ങൾ യുവതി താമസിക്കുന്ന പരിസരത്ത് പോലും പോകാതിരുന്ന യുവാവ് പിന്നീട് സാഹസിക ഉദ്യമത്തിലൂടെ ബന്ധം തുടരാൻ തീരുമാനിച്ചതിന്റെ അന്തിമ ഫലമായിരുന്നു ദാരുണ അന്ത്യം. മുൻപും രണ്ടു മൂന്ന് തവണ കെട്ടിടത്തിന്റെ പുറകിലൂടെ പിടിച്ചു കയറി ജനാല വഴി അകത്തു കടന്ന് യുവതിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസിന് അറിയുവാൻ കഴിഞ്ഞത്.

സംഭവ ദിവസം അർദ്ധ രാത്രിയോടെയാണ് യുവാവ് തന്റെ കാമുകിയെ കാണുവാൻ കെട്ടിടത്തിന് പുറകിലൂടെ അരമതിലിൽ പിടിച്ചു കയറി ഒമ്പതാം നിലയിലെത്തിയത്. എന്നാൽ ഫ്ലാറ്റിന്റെ പുറകിലെ ജനാല വഴിയാണ് യുവതിയുടെ ഭർത്താവ് വീട്ടിലുള്ള വിവരം യുവാവ് അറിയുന്നത്. ഇതോടെ പരിഭ്രാന്തിയിലായ യുവാവ് മടങ്ങുവാൻ ശ്രമിക്കവെയാണ് നിയന്ത്രണം വിട്ട് വഴുതി താഴേക്ക് പതിച്ചത്. രണ്ടാഴ്ചയായി നഗരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് അരമതിലിൽ വഴുക്കൽ ഉണ്ടായിരുന്നതും യുവാവിന് വിനയായെന്നാണ് പോലീസ് നിഗമനം.

ഒമ്പതാം നിലയിൽ നിന്നും താഴേക്ക് പതിച്ച ആഘാതത്തിൽ തന്നെ യുവാവ് മരിച്ചിരുന്നു. വാച്ച്മാൻ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നായർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒരു സ്വകാര്യ ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്നു ഷെയ്ഖ്. പോലീസ് യുവതിയുടെ മൊഴിയെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here