കർണാടകയ്ക്ക് പിന്നാലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറി. കോണ്ഗ്രസിന്റെ പത്ത് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജിയോടെ തനിച്ച് ഭരിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമായി. രാജിവച്ചവരെ ഉൾപ്പെടുത്തി ഉടൻ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. രാജിവച്ച എംൽഎമാർ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും.

തെലങ്കാന കോൺഗ്രസ് ബിജെപിയിൽ ലയിച്ചു. ഒരാഴ്ചയായി കർണാടകയിൽ സർക്കാരിന്റെ പതനം ഉറപ്പാക്കി പാർട്ടി എംഎൽഎമാരുടെ രാജി നാടകം. ഇതിന് പിന്നാലെയാണ് ഗോവയിൽ കോൺഗ്രസ് ബിജെപിയിൽ ലയിച്ചത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറിന്‍റെ നേതൃത്വത്തിലുള്ള 10 എംഎൽഎമാരാണ് കോൺഗ്രസ് വിട്ടെന്ന് വ്യക്തമാക്കി സ്പീക്കർ രാജേഷ് പട്നേക്കറിന് കത്ത് നൽകിയത്. ഗോവയുടെ വികസനത്തിന് കോണ്ഗ്രസ് ഒന്നും ചെയ്തില്ല. ഭരണം പിടിക്കാനുള്ള അവസരം പലപ്പോഴായി മുതിർന്ന നേതാക്കൾ കളഞ്ഞു കുളിച്ചെന്നും രാജിവച്ചവർ ആരോപിച്ചു

മൂന്നിൽ രണ്ട് എംഎൽഎമാർ പാർട്ടി വിട്ടതിനാൽ കൂറുമാറ്റ നിരോധനം ബാധകം ആകില്ല. 15 എംഎൽഎ മാർ ഉണ്ടായിരുന്ന കോൺഗ്രസ് 5 ലേക്ക് ചുരുങ്ങി. രാജിയോടെ 40 അംഗ നിയമസഭയിൽ ബിജെപിക്ക് 27 അംഗങ്ങളാകും. ഗോവ ഫോർവേഡ് പാർട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി സർക്കാരിനെ നിലനിർത്തിയത്. തനിച്ച് ഭരിക്കാൻ ഭൂരിപക്ഷമായതോടെ രാജിവച്ചവർക്ക് മന്ത്രിസ്ഥാനം നൽകാനായി ഉടൻ മന്ത്രിസഭ പുനഃസംഘടനയുണ്ടാകും.