പൊലീസിന് പെറ്റിയടിച്ച് കാശ് പിരിക്കാനല്ല, നിങ്ങളുടെ ജീവൻ സംരക്ഷിക്കാനാണ് ഹെൽമറ്റും സീറ്റ് ബെൽറ്റുമൊക്കെ

ഹെല്‍മ്മറ്റും സീറ്റുബെല്‍റ്റും കൂടുതല്‍ നിര്‍ബന്ധമാക്കിയ പുതിയ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോ. വൈശാഖന്‍ തമ്പി ഫേസ് ബുക്കിലെ‍ഴുതിയ ഈ കുറിപ്പ് വായിക്കൂ:

”ഗുരുതരമായ അപകടങ്ങളിൽ പെട്ടിട്ടുള്ളവരെ അറിയാമോ? കാറപകടത്തിൽ അരയ്ക്ക് കീഴോട്ട് തളർന്നവർ, ബൈക്കപകടത്തിൽ കാഴ്ച പോയവർ, പടക്കനിർമാണ സ്ഥലത്ത് ദേഹം മുഴുവൻ പൊള്ളിയവർ, എന്നിങ്ങനെ ഒരു അപകടത്തിന്റെ ബാക്കിപത്രങ്ങളായി ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങളുമായി ജീവിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അവരോടൊരു കാര്യം ചോദിച്ചു നോക്കണം- ആ അപകടം നടക്കുന്നതിന് തൊട്ടുമുൻപ് അവരെന്താണ് ചിന്തിച്ചിരുന്നത് എന്ന്.

അപകടത്തിന് തൊട്ടുമുന്നത്തെ നിമിഷം വരെ അവരുടേത് ഒരു സാധാരണ ദിവസമായിരുന്നു. നിരവധി പദ്ധതികൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, ആശങ്കകൾ, ചിന്തകൾ, എന്നിവയുമായി ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും എങ്ങനെയാണോ ഇപ്പോൾ ജീവിതത്തെ കാണുന്നത് അതുപോലെ. അപകടം പെട്ടെന്നുള്ള ഒരു ട്വിസ്റ്റ് ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായി, എപ്പോൾ എവിടെയെന്ന് കണക്കുകൂട്ടിയെടുക്കാൻ പറ്റാത്ത വിധം വളരെ പെട്ടെന്നാണ് അത് സംഭവിക്കുന്നത്. പലർക്കും അവിടെ ജീവിതത്തിന് ഒരു ഫുൾസ്റ്റോപ്പ് തന്നെ വീഴുന്നു. ബാക്കിയുള്ളവരിൽ ചിലർ കരകയറും, ചിലർ നേരത്തേ പറഞ്ഞതുപോലെ അതിന്റെ ബാക്കിപത്രം പോലെ ജീവിക്കും.

നമുക്കെന്താണ് ചെയ്യാൻ കഴിയുക? ഏത് നിമിഷവും എന്ത് ചെയ്യുമ്പോഴും അത് പ്രതീക്ഷിക്കുക എന്നതാണ് പരിഷ്കൃത മനുഷ്യന്റെ രീതി. അതിനാണ് നമ്മൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. വിമാന യാത്രകൾ ചെയ്തിട്ടുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വിമാനം ലാൻഡ് ചെയ്യുന്നതിനു മുൻപും ടെയ്ക്ക്-ഓഫ് ചെയ്യുന്നതിന് മുൻപും ജനാലമറകൾ (window blinds) ഉയർത്തി വെക്കാനും സീറ്റുകൾ അപ്റൈറ്റായി വെക്കാനും ഫ്ലൈറ്റ് അറ്റൻഡന്റുമാർ നിർബന്ധം പിടിക്കാറുണ്ട്. എന്തിനാണത്? വിമാനം തറയിൽ നിർത്തിയിട്ടിരിക്കുമ്പോഴും ആകാശത്ത് പറക്കുമ്പോഴും അപകട സാധ്യതകൾ വളരെ കുറവാണ്. ലാൻഡിങ്-ടെയ്ക്കോഫ് അവസരങ്ങളിലാണ് അത് കൂടുതൽ. വെള്ളത്തിൽ ഇറക്കേണ്ടി വരിക, തീ പിടുത്തത്തോടെ ലാൻഡ് ചെയ്യേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങൾ വന്നാൽ, ഏത് വാതിലിലൂടെയാണ് ഇറങ്ങേണ്ടത് എന്ന് ഉടൻ തീരുമാനിക്കാൻ വിമാനത്തിന് പുറത്തേയ്ക്ക് കാണാൻ കഴിയണം. ആ സമയത്ത് ജനാലമറ പൊക്കി നോക്കി അത് ചെയ്യാനാവില്ല. ഒന്നര മിനിറ്റ് കൊണ്ട് വിമാനത്തിലെ മുഴുവൻ യാത്രക്കാരേയും പുറത്തിറക്കാനുള്ള ട്രെയിനിങ് അവർക്ക് കിട്ടിയിട്ടുണ്ടാകും. അതിന്റെ ഭാഗമായിട്ടാണ്, എമർജൻസി എക്സിറ്റിന് അടുത്തിരിക്കുന്ന പാസഞ്ചർ പൂർണ ആരോഗ്യമുള്ള ആളായിരിക്കണം എന്ന കാര്യത്തിൽ വരെ അവർ നിർബന്ധബുദ്ധി കാണിക്കുന്നത്. അല്ലാതെ അവർക്കോ വിമാനക്കമ്പനിയ്ക്കോ മാനസിക വൈകല്യമുണ്ടായിട്ടല്ല!

വിമാനത്തിൽ മാത്രമല്ല സുരക്ഷ പ്രധാനമായിരിക്കുന്നത്. ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് വേണമെന്നും, കാറിൽ സീറ്റ് ബെൽറ്റ് വേണമെന്നും, ഹൗസ് വയറിങ്ങിൽ സർക്യൂട്ട് ബ്രേക്കർ വേണമെന്നും, തീയറ്ററിൽ ഫയർ എക്സ്റ്റിംഗ്യൂഷർ വേണമെന്നും, എന്തിനേറെ ക്യാമറയിൽ സ്ട്രാപ്പ് വേണമെന്നും വരെ മനുഷ്യർ മനസ്സിലാക്കിയിരിക്കുന്നത് അപകട സാധ്യതകളെ ശാസ്ത്രീയമായി പഠനവിധേയമാക്കിയിട്ടാണ്. പോലീസിന് പെറ്റിയടിച്ച് കാശ് പിരിക്കാനല്ല, നിങ്ങളുടെ ജീവൻ സംരക്ഷിക്കാനാണ് ഹെൽമറ്റും സീറ്റ് ബെൽറ്റുമൊക്കെ. ‘ഞാൻ ഇരുപത് വർഷമായി വണ്ടിയോടിക്കുന്നു, ഇതുവരെ ആക്സിഡന്റുണ്ടാക്കിയിട്ടില്ല’ എന്നൊക്കെയാണ് നമ്മുടെ ന്യായങ്ങളുടെ പോക്ക്. ഓർക്കുക, നിങ്ങൾ ഒരു അപകടത്തിൽ പെട്ടാൽ അതിന്റെ ആഘാതം തീരുമാനിക്കുന്നത് (പച്ചയ്ക്ക് പറഞ്ഞാൽ മരിക്കുന്നോ കാൽ പോകുന്നോ കോമായിലാകുന്നോ തൊലി മാത്രം പോകുന്നോ എന്നൊക്കെ തീരുമാനിക്കുന്നത്) ആ നിമിഷത്തെ അവിടത്തെ സാഹചര്യമാണ്. ബസിന്റെ ടയറിനടിയിൽ തലേന്ന് ലൈസൻസെടുത്ത ആളിന്റെയും ഇരുപത് കൊല്ലമായി വണ്ടിയോടിക്കുന്ന ആളിന്റെയും ശരീരം ഒരുപോലെയാകും പെരുമാറുക.

കഴിഞ്ഞ ഒരു വർഷം കേരളത്തിൽ മാത്രം റോഡപകടങ്ങളിൽ മരിച്ചത് 4200 -പേരാണ്! (ഓരോ രണ്ട് മണിക്കൂറിലും ഒരു മരണം. ദൈനംദിനം ലക്ഷക്കണക്കിന് വിമാനങ്ങൾ പറന്നിട്ട്, കഴിഞ്ഞ വർഷം ലോകത്ത് മൊത്തം വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 500-ൽ താഴെയാണ്) അവരെല്ലാം വണ്ടിയോടിക്കാൻ അറിയാത്തവരായിരുന്നില്ല. അവരിൽ എക്സ്പീരിയൻസ് ഉള്ളവരും, വണ്ടി പൂജിച്ച് ഷോറൂമിൽ നിന്നിറക്കിയവരും, ഡാഷ് ബോർഡിൽ ദൈവത്തെ ഫിറ്റ് ചെയ്തവരും, വണ്ടിയ്ക്ക് തന്നെ ദൈവനാമം ചാർത്തിയവരും ഒക്കെ പെടും. ഒന്നോർത്ത് നോക്കൂ, അപകടങ്ങൾ ഈ നിരക്കിൽ തുടർന്നാൽ അടുത്ത വർഷത്തെ 4200-ൽ ഒരാൾ നിങ്ങളാകില്ല എന്ന ഗ്യാരന്റി തരുന്ന എന്തെങ്കിലും നിങ്ങടെ കൈയിലുണ്ടോ?!

(വാൽക്കഷണം: കാറിൽ എട്ട് എയർബാഗുണ്ടെന്നൊക്കെ വീമ്പിളക്കിയിട്ട് സീറ്റ് ബെൽറ്റിടാതെ വണ്ടിയോടിക്കുന്നവരെ കണ്ടിട്ടുണ്ട്. എട്ടല്ല പതിനാറ് എയർബാഗുണ്ടെങ്കിലും, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ അത് പ്രവർത്തിക്കില്ല!)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here