എംഎൽഎമാരുടെ കൂറുമാറ്റം മൂലം കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജിവയ്ക്കാനുള്ള ഒരാളുടെ അവകാശം ചോദ്യം ചെയ്യാനാകില്ലെന്ന് വിമത എംഎൽഎമാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ വാദിച്ചു.

രാജിക്കത്ത് എഴുതി നൽകിയിട്ടും സ്വീകരിക്കാതിരിക്കുന്ന സ്പീക്കറുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് വാദവുമായാണ് 10 വിമത എംഎൽഎമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിമത എംഎൽഎമാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നൽകി. എംഎൽഎമാര്‍ മുംബെെയിൽ നിന്ന് ഉടൻ ബെംഗളൂരുവിലേക്ക് തിരിക്കും. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച 10 എംഎൽഎരുടെ സംരക്ഷണ ചുമതലയാണ് കോടതി പൊലീസിന് നല്കിയിട്ടുള്ളത്.

അതേസമയം വിമത എംഎൽഎമാര്‍ വൈകിട്ട് 6 മണിക്കകം സ്പീക്കറെ കാണണമെന്നും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.രാജിക്കാര്യത്തിൽ ഇന്നു തന്നെ സ്പീക്കർ തീരുമാനം എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തരവായിട്ടല്ല അഭ്യര്‍ത്ഥന എന്ന നിലയിലാണ് സുപ്രീംകോടതിയുടെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് വിമതര്‍ക്ക് വേണ്ടി ഹാജരായത്.

അതേസമയം സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും രാജി വെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. കുമാരസ്വാമി രാജിവെക്കേണ്ടതില്ലെന്നാണ് കോണ്ഗ്രസിന്റെയും നിലപാട്. കുമാരസ്വാമിയുമായി കോണ്ഗ്രസ് നേതാക്കൾ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.