തിരുവനന്തപുരം: തന്റെ ചിത്രമുപയോഗിച്ച് ഓണ്‍ലൈനില്‍ നടക്കുന്ന വമ്പന്‍ തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടി ബീന ആന്റണി.

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കര്‍പാല്‍ എന്ന സ്ത്രീയുടെ കഥയ്‌ക്കൊപ്പമാണ്, ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ‘കരിയര്‍ ജേണല്‍ ഓണ്‍ലൈന്‍’ എന്ന ഓണ്‍ലൈന്‍ സൈറ്റിലാണ് നടിയുടെ ചിത്രം ഉപയോഗിച്ചുള്ള തട്ടിപ്പ് നടക്കുന്നത്.

ജോലി നഷ്ടപ്പെട്ട ആഭ കര്‍പാല്‍ ഓണ്‍ലൈനിലെ ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്‌സിലൂടെ പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായാണ് പരസ്യത്തില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും എന്ന തലക്കെട്ടിലാണ് തട്ടിപ്പ്.

അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള തട്ടിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബീന ആന്റണി പറഞ്ഞു.

ബീനയുടെ വാക്കുകള്‍:

”ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഒരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തൊട്ടു പിന്നാലെ പലരും വിളിച്ചു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായി. പരാതി കൊടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. ”