കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍; എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കണം

കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍. വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണം. വൈകീട്ട് ആറുമണിക്കകം എംഎല്‍എമാര്‍ സ്പീക്കറെ കാണണമെന്നും കോടതി. അതേസമയം ഉത്തരവ് ചോദ്യം ചെയ്ത് സ്പീക്കറും സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.

രാജി സ്വീകരിക്കാതെ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാന്‍ സ്പീക്കര്‍ ശ്രമിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയില്‍ 10 വിമത എംഎല്‍എമാരുടെ ആക്ഷേപം. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയോട് ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് വൈകുന്നേരം ആറു മണിക്കകം എംഎല്‍എമാര്‍ സ്പീക്കറെ കാണാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. രാജി തീരുമാനം സ്പീക്കറെ നേരിട്ട് അറിയിക്കണം. രാജി അംഗീകരിക്കണോ വേണ്ടയോ എന്ന് സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനിക്കണം. സ്പീക്കറുടെ തീരുമാനം നാളെ കേസ് പരിഗണിക്കുന്നതിന് മുന്‍പ് കോടതിയെ അറിയിക്കണം.

ഉത്തരവിന് പിന്നാലെ സ്പീക്കറും സുപ്രീംകോടതിയെ സമീപിച്ചു. രാജി കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. എംഎല്‍എമാരുടെ രാജി സ്വമേധാ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പരിശോധന ഇന്ന് പൂര്‍ത്തിയാക്കാന്‍ ആകില്ല.

കോടതിക്ക് അത്തരം ഒരു നിര്‍ദേശം ഇറക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് സിംഗ്വി വാദിച്ചു. എന്നാല്‍ ആവശ്യം കോടതി നിരാകരിച്ചു. വിമത എം എംഎല്‍ മാരുടെ ഹര്‍ജിക്കൊപ്പം സ്പീക്കറുടെ ഹര്‍ജിയും കോടതി നാളെ പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News