തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രം ഓഗസ്റ്റ് 5ന് കോടതി വായിച്ചു കേള്‍പ്പിക്കുവാന്‍ അന്നേ ദിവസം രണ്ടു പ്രതികളും ഹാജരാകണമെന്ന് തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യല്‍ ജഡ്ജ് കെ സനല്‍കുമാര്‍ ഉത്തരവിട്ടു.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ മാത്രമാണ് ഹാജരായത്. മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹാജരായില്ല. രണ്ടു പ്രതികളും ഹാജരായെങ്കില്‍ മാത്രമേ ചാര്‍ജ് ഫ്രെയിം ചെയ്ത് കോടതിക്കു വായിച്ചു കേള്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. അതിനാലാണ് അടുത്ത അവധിക്കു ഹാജരാകാന്‍ പ്രത്യേകം നിര്‍ദേശിച്ചത്.

ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ ഹൈക്കോടതി കഴിഞ്ഞ ഏപ്രില്‍ 9നു തള്ളിയിരുന്നു. കോട്ടൂരിനും സെഫിക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതികളുടെ വിചാരണ സിബിഐ കോടതി എത്രയും വേഗം ആരംഭിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം നല്‍കിയതിനു ശേഷം കഴിഞ്ഞ 10 വര്‍ഷക്കാലമായി വിചാരണ കൂടാതെ പ്രതികള്‍ വിടുതല്‍ ഹര്‍ജി കൊടുത്തു നീട്ടിക്കൊണ്ടു പോകുകയായിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷം കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.