ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ,കാറുകളില്‍ സീറ്റ് ബെല്‍റ്റും എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാണെന്ന കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ തുടര്‍ച്ചയായി ഒരു മാസത്തെ ബോധവല്‍ക്കരണത്തിനു ഗതാഗത വകുപ്പ് ഉടന്‍ തുടക്കമിടും.കര്‍ശന നടപടി ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ കത്തെഴുതിയതിനു പിന്നാലെ മന്ത്രി എ.കെ.ശശീന്ദ്രന്‍ വിളിച്ച യോഗത്തിലാണു ഇക്കാര്യത്തില്‍ പ്രാഥമിക ധാരണയായത്.

സ്റ്റുഡന്റ് പൊലീസ് കെഡറ്റുകള്‍ പോലുള്ളവരുടെ സന്നദ്ധസേവനവും എഫ്എം റേഡിയോകള്‍ ഉള്‍പ്പെടെ മാധ്യമങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ തേടും. ഗതാഗത സെക്രട്ടറി, റോഡ് സുരക്ഷ അതോറിറ്റി സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സുധേഷ് കുമാര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. 17നു വീണ്ടും യോഗം ചേരാനും അന്നു വിശദ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുടര്‍ന്നു കലക്ടര്‍മാരെ വിഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ടു ബോധവല്‍ക്കരണ നടപടികള്‍ ഉറപ്പാക്കും.