ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ തന്ത്രങ്ങളില്‍ കുറച്ചുകൂടി സൂക്ഷ്മതയും ബാറ്റിങ് ലൈനപ്പ് നിര്‍ണയിക്കുന്നതില്‍ കുറച്ചുകൂടി തന്ത്രജ്ഞതയും കാട്ടിയിരുന്നെങ്കില്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ കഴിയുമായിരുന്നെന്ന് മുന്‍ താരങ്ങള്‍.

ഇന്ത്യയുടെ ആദ്യത്തെ മൂന്നു ബാറ്റ്‌സ്മാന്‍മാരും അഞ്ചു റണ്‍സിനിടെ പുറത്തായിട്ടും പരിചയസമ്പന്നനും ഇത്തരം സന്നിഗ്ധ ഘട്ടങ്ങള്‍ നേരിട്ട് തഴക്കവും പഴക്കവും വന്ന മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയത് തന്ത്രപരമായ പിഴവാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി വി എസ് ലക്ഷ്മണും ചൂണ്ടിക്കാട്ടുന്നു.

മൂന്നിന് അഞ്ചു റണ്‍സ് എന്ന നിലയില്‍ ഇന്ത്യ പരീക്ഷിച്ചത് ദിനേഷ് കാര്‍ത്തിക്കിനെയാണ്. ഇന്ത്യന്‍ ഏകദിന ടീമില്‍ പതിവുകാരനല്ല കാര്‍ത്തിക്.

ഈ ലോകകപ്പില്‍ തന്നെ ചുരുക്കം അവസരങ്ങള്‍ മാത്രം ലഭിച്ച കാര്‍ത്തിക്കിനു പകരം ധോണിയെയായിരുന്നു ഇറക്കേണ്ടിയിരുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുറച്ചധികം നേരം പ്രതിരോധിച്ചുനിന്നെങ്കിലും നങ്കൂരമിട്ടു കളിക്കാന്‍ കാര്‍ത്തിക്കിനായില്ല.

കൂട്ടത്തകര്‍ച്ചയ്ക്കിടെ ക്രീസിലെത്തുമ്പോള്‍ പതറിയിട്ട ചരിത്രമാണ് കാര്‍ത്തിക്കിനുള്ളത്. ആദ്യ പവര്‍പ്ലേ അവസാനിക്കുമ്പോഴേയ്ക്കും ഡി കെയും പുറത്തായി നാലിന് 24 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകരുകയും ചെയ്തു.

നേരത്തേ ഇറങ്ങിയിരുന്നെങ്കില്‍ ഇന്നിങ്‌സിലുടനീളം ബാറ്റു ചെയ്യാനും ക്രീസില്‍ നില്‍ക്കുന്ന യുവതാരങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ധോണിക്കു കഴിയുമായിരുന്നുവെന്ന് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ഗാംഗുലി പറയുന്നു.

ഇംഗ്ലണ്ട് പോലുള്ള സ്ഥലങ്ങളില്‍ കാറ്റും ഒരു നിര്‍ണായക ഘടകമാണ്. പന്തിനൊപ്പം ധോണിയാണ് ക്രീസിലുണ്ടായിരുന്നതെങ്കില്‍ കാറ്റു വീശുന്നതിന്റെ എതിര്‍ ദിശയില്‍ അത്തരമൊരു ഷോട്ടു കളിക്കാന്‍ അനുവദിക്കുമായിരുന്നില്ല.

മാത്രമല്ല, പന്തിന്റെ കളിയെ അദ്ദേഹത്തിന്റെ ശൈലിക്ക് അനുസൃതമായും മറ്റു സാഹചര്യങ്ങള്‍ പരിഗണിച്ചും ക്രമപ്പെടുത്താനും ധോണിക്കു കഴിയുമായിരുന്നു.

ധോണിക്കു ശേഷം രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ വരാനുള്ളപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പവുമാകുമായിരുന്നു. നാലോ അഞ്ചോ ഓവറില്‍ മികച്ച രീതിയില്‍ റണ്‍സ് നേടാന്‍ കെല്‍പ്പുള്ളവരാണ് ഇവരെല്ലാംമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടുന്നു.

ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം ധോണിയാണ് അഞ്ചാം നമ്പറില്‍ എത്തിയിരുന്നതെങ്കില്‍ ഈ സമയത്ത് നങ്കൂരമിട്ടു കളിക്കാന്‍ ധോണിക്കു സാധിക്കുമായിരുന്നുവെന്ന് സച്ചിനും പറയുന്നു. മാത്രമല്ല, തനിക്കൊപ്പമുള്ളയാള്‍ക്ക് മാര്‍ഗദര്‍ശിയുമാകുമായിരുന്നു.

ടീം തകര്‍ച്ചയിലേക്കു നീങ്ങുമ്പോള്‍ ധോണിയെ ഇറക്കി മല്‍സരം നിയന്ത്രണത്തിലാക്കുകയല്ലേ വേണ്ടത്? അവസാന ഘട്ടമായപ്പോള്‍ ജഡേജയുമായി സംസാരിച്ച് ധോണി കാര്യങ്ങള്‍ നിയന്ത്രിച്ചതും സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു.

ധോണിയെ ബാറ്റിങ് ലൈനപ്പില്‍ താഴേയ്ക്കു മാറ്റിയത് തന്ത്രപരമായ പിഴവു തന്നെയാണെന്ന് വി വി എസ് ലക്ഷ്മണ്‍.

പാണ്ഡ്യയ്ക്കും കാര്‍ത്തിക്കിനും മുന്‍പു വരേണ്ടിയിരുന്നത് ധോണിയാണ്. ധോണിയുടെ അനുഭവ സമ്പത്തും ബാറ്റിങ് ശൈലിയും ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനുള്ള സമയമായിരുന്നു അത്.

ധോണി നേരത്തെ വന്നിരുന്നെങ്കില്‍ ഋഷഭ് പന്തിനൊപ്പം മികച്ച കൂട്ടുകെട്ടു തീര്‍ക്കാനുള്ള സാധ്യതയും ധോണിക്കുണ്ടായിരുന്നു.

2011 ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങ്ങിനു പകരം നാലാം നമ്പറില്‍ എത്തി കളി ജയിപ്പിച്ചയാളാണ് ധോണിയെന്നത് മറക്കരുത്. ആ വര്‍ഷം ഇന്ത്യ ലോകകപ്പ് നേടുകയും ചെയ്തു. ലക്ഷ്മണ്‍ വ്യക്തമാക്കി.

എന്നാല്‍ ധോണിയെ ഏഴാമനാക്കി ഇറക്കിയതിനെക്കുറിച്ച് ക്യാപ്റ്റന്‍ കോഹ്ലി നല്‍കിയ വിശദീകരണം ഇങ്ങനെയാണ്.

ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ക്കുശേഷം മധ്യനിരയിലെ അവസാനക്കാര്‍ മുതല്‍ വാലറ്റക്കാര്‍ വരെയുള്ളവര്‍ക്കൊപ്പം കളിക്കാനുള്ള ചുമതലയാണ് ധോണിക്ക് നല്‍കിയിരുന്നത്.

ആറോ ഏഴോ വിക്കറ്റ് പോയാലും കൂറ്റനടികളിലൂടെ കളി ജയിപ്പിക്കാനും ധോണിക്ക് കഴിയും. ടീമിന് ബാലന്‍സ് ഉറപ്പുവരുത്താന്‍ ഈ നീക്കം അത്യാവശ്യമായിരുന്നുവെന്നും കോഹ്ലി പറയുന്നു.

പക്ഷേ കോഹ്ലിയുടെ ഈ ന്യായീകരണം മികച്ച ടീമുകള്‍ക്ക് പ്ലാന്‍ എ മാത്രമല്ല, സാഹചര്യമനുസരിച്ച് മാറ്റിപിടിക്കാന്‍ പ്ലാന്‍ ബിയും സിയും ഉണ്ടാകുമെന്ന ലളിത സമവാക്യം മറന്നുകൊണ്ടാണെന്ന് മാത്രം.